Cricket Sports

തിരുമ്പി വന്തിട്ടേ ഡാ!… ചെന്നൈക്ക് ആദ്യ വിജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യജയം കുറിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. ദുബെയുടെയും ഉത്തപ്പയുടെയും സൂപ്പര്‍ പോരാട്ടമാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. 23 റണ്‍സിനാണ് ചെന്നൈ ആര്‍സിബിയെ തോല്പിച്ചത്. ടോസ് നേടിയ ആര്‍സിബി ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ബാറ്റ് ചെയ്ത ചെന്നൈ നാലു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് അടിച്ചുകൂട്ടി. 46 പന്തില്‍ എട്ടു സിക്സും അഞ്ചു ബൗണ്ടറിയുമടക്കം 95 റണ്‍സ് നേടിയ ശിവം ദുബെയും 50 പന്തില്‍ ഒമ്പതു സിക്സും നാലു ഫോറുമടക്കം 88 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയുമാണ് ചെന്നൈക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബിയുടെ തുടക്കം പാളി. ഡുപ്ലസിസും (8) വിരാട് കോഹ്ലിയും (1) അനുജ് രാവത്തും (12) പെട്ടെന്ന് തന്നെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയപ്പോള്‍ മാക്സ് വെല്‍ (26) വമ്പനടി തുടങ്ങിയെങ്കിലും ക്യാപ്റ്റന്‍ ജഡേജ ബൗള്‍ടിലൊതുക്കി.

പിന്നീട് ഷഹബാസും (41) സുയാഷും (34) ചേര്‍ന്ന് സ്‌കോറിന്റെ വേഗത കൂട്ടി. ഇരുവരെയും മഹേഷ് തീക്ഷണ ഗാലറിയിലേക്ക് മടക്കിയപ്പോള്‍ ചെന്നൈ വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ ദിനേശ് കാര്‍ത്തിക്കിന്റെ (34) ചെറുത്ത് നില്‍പ്പ് ആര്‍സിബിക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു. പതിനേഴാം ഓവറില്‍ ബ്രാവോയുടെ പന്തില്‍ കാര്‍ത്തിക്ക് വീശി അടിച്ചപ്പോള്‍ ബൗണ്ടറിയുടെ മുകളിലേക്ക് പറന്ന പന്ത് ജഡേജയുടെ കൈകളില്‍ ഭദ്രമായി പതിച്ചു. 20 ഓവര്‍ അവസാനിക്കുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി 193 റണ്‍സിന് തോല്‍വി വഴങ്ങുകയായിരുന്നു.

ചെന്നൈക്കായി മഹേഷ് തീക്ഷണ 4 വിക്കറ്റുകളും രവീന്ദ്ര ജഡേജ 3 വിക്കറ്റുകളും ബ്രാവോ, മുകേഷ് ചൗധരി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.