Cricket Sports

റിക്കി പോണ്ടിങിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കാനഡക്കാരന്‍

പതിനാല് വര്‍ഷം വരെ ഇളകാതെ നിന്നിരുന്ന ഒരു റെക്കോര്‍ഡ് തകര്‍ത്ത് കാനഡയുടെ രവീന്ദ്രപാല്‍ സിങ്. അതും ആസ്‌ട്രേലിയയുടെ റിക്കിപോണ്ടിങിന്റെ പേരിലുള്ള റെക്കോര്‍ഡ്. മാത്രമല്ല സ്വന്തമായൊരു റെക്കോര്‍ഡും സ്ഥാപിച്ചു രവീന്ദ്രപാല്‍. ടി20യിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഉയര്‍ന്ന വ്യക്തഗത സ്‌കോര്‍ നേടുന്ന കളിക്കാരനെന്ന റെക്കോര്‍ഡാണ് രവീന്ദ്രപാല്‍ സ്വന്തമാക്കിയത്.

2005ല്‍ ന്യൂസിലാന്‍ഡിനെതിരെ പോണ്ടിങ് നേടിയ 95 റണ്‍സായിരുന്നു ടി20യില്‍ ഇതുവരെയുള്ള ഒരു അരങ്ങേറ്റക്കാരന്റെ ഉയര്‍ന്ന സ്‌കോര്‍. അതാണിപ്പോള്‍ രവീന്ദ്രപാല്‍ തകര്‍ത്തത്. 101 റണ്‍സാണ് രവീന്ദ്രപാല്‍ നേടിയത്. അതും 48 പന്തില്‍. ആറു ബൗണ്ടറികളും പത്ത് സിക്‌സറുകളും അടങ്ങുന്നതായിരുന്നു രവീന്ദ്രപാലിന്റെ ഇന്നിങ്‌സ്. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന താരമാവാനും രവീന്ദ്രപാലിനായി. ദ്വീപ് രാഷ്ട്രമായ കേമാന്‍ ഐലന്‍ഡിനെതിരെയാണ് രവീന്ദ്രപാലിന്റെ ഇന്നിങ്‌സ്.

അടുത്ത ടി20 ലോകകപ്പിനുള്ള യോഗ്യതാ മത്സരം കളിച്ചാണ് ഈ രാഷ്ട്രം ടി20യില്‍ അരങ്ങേറുന്നത് തന്നെ. ആസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍(89) കാനഡയുടെ തന്നെ ഹിരാല്‍ പട്ടേല്‍(88) കുവൈത്തിന്റെ അദ്‌നാന്‍ ഇദ്രീസ് എന്നിവരാണ് അരങ്ങേറ്റത്തില്‍ തന്നെ ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയ കളിക്കാര്‍. യുവരാജും ഗെയിലുമൊക്കെ കളിക്കുന്ന ഗ്ലോബല്‍ ടി20യിലെ താരം കൂടിയാണ് രവീന്ദ്രപാല്‍.