ടീം ഇന്ത്യയുടെ ജഴ്സി സ്പോൺസറായ ബൈജൂസ് ബിസിസിഐക്ക് നൽകാനുള്ളത് 86.21 കോടി രൂപയെന്ന് റിപ്പോർട്ട്. അതേസമയം, ബിസിസിഐയുമായുള്ള ടൈറ്റിൽ സ്പോൺസർഷിപ്പ് അവസാനിപ്പിക്കാൻ പേടിഎം തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. രണ്ട് മാസങ്ങൾക്കു മുൻപാണ് എഡ്‌ടെക് കമ്പനിയായ ബൈജൂസുമായി ബിസിസിഐ 2023 ലോകകപ്പ് വരെ കരാർ നീട്ടിയത്.
ബിസിസിഐയുമായി കരാർ നീട്ടിയെങ്കിലും കരാറിൽ ഒപ്പിട്ടില്ലെന്നാണ് ബൈജൂസ് പറയുന്നത്. കരാർ ഒപ്പിട്ടതിനു ശേഷം പണം നൽകുമെന്നും ബൈജൂസ് പ്രതിനിധി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഫിൻടെക് കമ്പനിയായ പേടിഎം ബിസിസിഐയുമായുള്ള ടൈറ്റിൽ സ്പോൺസർഷിപ്പ് അവസാനിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഹോം സീരീസുകളുടെ അവകാശം മാസ്റ്റർ കാർഡിനു നൽകാൻ പേടിഎം ബിസിസിഐയോട് അഭ്യർത്ഥിച്ചു എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, രാജ്യത്തെ ആഭ്യന്തര ടൂർണമെൻ്റുകളുടെ പ്രൈസ് മണി വർധിപ്പിക്കാൻ ബിസിസിഐ തീരുമാനിച്ചു. രഞ്ജി ട്രോഫി ജേതാക്കൾക്ക് രണ്ട് കോടി രൂപ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐപിഎൽ സംപ്രേഷണത്തിനായി ബിസിസിഐക്ക് ലഭിച്ചത് 48,390 കോടി രൂപയാണ്. ഇത്ര ഭീമമായ തുക ലഭിച്ചതിനെ തുടർന്നാണ് ആഭ്യന്തര ടൂർണമെൻ്റുകൾക്കുള്ള സമ്മാനത്തുക വർധിപ്പിക്കാൻ ബിസിസിഐ തീരുമാനിച്ചത്.
ലിസ്റ്റ് എ ടൂർണമെൻ്റായ ദിയോധർ ട്രോഫി ആഭ്യന്തര മത്സരങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ബിസിസിഐ യോഗത്തിൽ തീരുമാനമായി. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷം രാജ്യത്തെ ആഭ്യന്തര ടൂർണമെൻ്റുകളിൽ പലതും തടസപ്പെട്ടിരുന്നു. എന്നാൽ, പുതിയ സീസണിൽ ദുലീപ് ട്രോഫിയും ഇറാനി കപ്പും അടക്കം എല്ലാ ആഭ്യന്തര ടൂർണമെൻ്റുകളും നടത്താൻ തീരുമാനമായിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ ഡിആർഎസ് ഏർപ്പെടുത്താനും ബിസിസിഐ തീരുമാനിച്ചു.
അതേസമയം, ഇക്കൊല്ലത്തെ ഏഷ്യാ കപ്പ് യുഎഇയിൽ തന്നെ നടക്കുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി അറിയിച്ചു. ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ബാക്കപ്പ് വേദിയായി ബംഗ്ലാദേശും പരിഗണിച്ചിരുന്നെങ്കിലും യുഎഇയിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ യോഗത്തിനു ശേഷമാണ് ഗാംഗുലി ഇക്കാര്യം അറിയിച്ചത്.