ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതല്‍ ടി20 വിക്കറ്റുകള്‍ വീഴ്ത്തുന്ന താരമായി പേസ് ബൗളര്‍ ജസ്പ്രീത് ബുംറ. നാല് മാസത്തെ ഇടവേളക്കുശേഷം ഇന്ത്യക്കുവേണ്ടി കളിക്കാനിറങ്ങിയ ബുംറ അശ്വിനേയും ചാഹലിനേയും മറികടന്നാണ് ഒന്നാമതെത്തിയത്. പരിക്കിനെ തുടര്‍ന്നാണ് ബുംറക്ക് നാല് മാസത്തോളം കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടിവന്നത്.
ശ്രീലങ്കയുടെ ധനുഷ്‌ക ഗുണതിലകയെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കിയതോടെ ബുംറയുടെ ടി20യിലെ ആകെ വിക്കറ്റ് നേട്ടം 53 ആയി. മത്സരത്തിന് മുമ്പ് അശ്വിനും ബുംറയും ചാഹലും 52 വിക്കറ്റുമായി ഈ റെക്കോഡ് പങ്കിടുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് അവസാന ടി20 കളിച്ച അശ്വിന്‍ ബുംറക്ക് ഇനി വെല്ലുവിളി ഉയര്‍ത്താനുള്ള സാധ്യത കുറവാണ്. എന്നാല്‍ ഇന്നലെയും ടീമിലുണ്ടായിരുന്ന ചാഹലിന് വിക്കറ്റ് വീഴ്ത്താന്‍ കഴിയാതിരുന്നതും ബുംറയുടെ റെക്കോഡ് എളുപ്പമാക്കി.
ബുംറയെ അഭിനന്ദിച്ചുകൊണ്ട് ബി.സി.സി.ഐ തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ശ്രീലങ്കയെ 78 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര 2-0ത്തിന് തൂത്തുവാരിയത്. രണ്ടാം ടി20യില്‍ കളിച്ചിരുന്നെങ്കിലും ബുംറക്ക് വിക്കറ്റെടുക്കാനായിരുന്നില്ല. ആദ്യ കളി മഴമൂലം തടസപ്പെട്ടിരുന്നു.