പരിക്കുകൾ കൊണ്ടും മുൻനിര താരങ്ങളുടെ അഭാവം കൊണ്ടും ഗതികെട്ടുപോയൊരു ഇന്ത്യൻ സംഘം യുവനിരയുടെ കരുത്തിൽ ഓസീസ് മണ്ണിൽ ചരിത്ര വിജയം നേടിയത് ഏതാനും മാസങ്ങൾക്കുമുൻപാണ്. ഋഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ് തുടങ്ങിയ യുവതാരങ്ങളുടെ അസാമാന്യമായ പോരാട്ട മികവ് കണ്ട പരമ്പര ഇപ്പോൾ ഐസിസിയുടെ ഏറ്റവും മികച്ച ടെസ്റ്റ് പരമ്പരയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 2020-21 ബോർഡർ-ഗവാസ്‌ക്കർ ട്രോഫിയാണ് ഐസിസിയുടെ ഏറ്റവും മികച്ച ടെസ്റ്റ് പരമ്പരയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആരാധകർക്കിടയിൽ വോട്ടെടുപ്പ് നടത്തിയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ മികച്ച പരമ്പര തെരഞ്ഞെടുത്തിരിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനു മുന്നോടിയായായിരുന്നു വോട്ടെടുപ്പ് നടന്നത്.
Ahead of the #WTC21 final, we set out to determine #TheUltimateTestSeries.
— ICC (@ICC) June 8, 2021
After 15 head-to-heads and over seven million votes across our social channels, we have a winner…
The 2020/21 Border-Gavaskar Trophy takes the crown 👑 pic.twitter.com/IvpjCxQ2eJ
ഐസിസിയുടെ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് വോട്ടെടുപ്പ് നടന്നത്. ഇതിൽ ഏകദേശം 70 ലക്ഷത്തോളം പേർ തങ്ങളുടെ അഭിപ്രായം പങ്കുവച്ചു.15 ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടന്നത്. സെമി ഘട്ടത്തിൽ ബോർഡർ-ഗവാസ്‌ക്കർ പരമ്പരയ്ക്കു പുറമെ 1999ലെ ഇന്ത്യ-പാകിസ്താൻ ടെസ്റ്റ് പരമ്പര, 2005ലെ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ആഷസ് പരമ്പര, 2001ലെ ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര എന്നിവയും ഉൾപ്പെട്ടിരുന്നു. എന്നാൽ, ആദ്യ രണ്ടു പരമ്പരകളാണ് അവസാന ഘട്ടത്തിലെത്തിയത്. അന്തിമ വോട്ടെടുപ്പിൽ ഇന്ത്യ-പാകിസ്താൻ പരമ്പരയെ മറികടന്നാണ് ബോർഡർ-ഗവാസ്‌ക്കർ ട്രോഫി പരമ്പര ഏറ്റവും മികച്ച ടൂർണമെന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഗാബയിലെ ആ ചരിത്രവിജയത്തിനും യുവനിരയുടെ കരുത്തുറ്റ പോരാട്ടത്തിനും തന്നെയായിരുന്നു ഏറ്റവും കൂടുതൽ പേരുടെ പിന്തുണ ലഭിച്ചത്.