ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി ബൗളിങ് പരിശീലകന്‍ ഭാരത് അരുണ്‍. താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച സ്‌പെല്ലാണ് വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ബുംറ കാഴ്ചവെച്ചതെന്ന് ഭാരത് അരുണ്‍ പറഞ്ഞു. ഇന്ത്യ 318 റണ്‍സിന് വിജയിച്ച മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റാണ് ബുംറ വീഴ്ത്തിയത്.
മികവുള്ള ബൗളറാണ് ബുംറ, സാഹചര്യങ്ങള്‍ക്കനുസരിച്ച് ബൗളിങ് ശൈലിയില്‍ മാറ്റംവരുത്താനുള്ള കഴിവാണ് ബുംറയെ വ്യത്യസ്തനാക്കുന്നത്, ഈ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലെയും ബൗളിങ് ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകുമെന്നും ഭാരത് അരുണ്‍ പറഞ്ഞു. വിന്‍ഡീസിന്റെ ഇതിഹാസ താരങ്ങളായ കര്‍ട്‌ലി ആംബ്രോസ്, ആന്‍ഡി റോബര്‍ട്‌സ് എന്നിവരും ബുംറയെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.
കരിയറിലെ പതിനൊന്നാമത്തെ ടെസ്റ്റ് മത്സരമാണ് വിന്‍ഡീസിനെതിരെ ബുംറ കളിച്ചത്. ടെസ്റ്റ് റാങ്കിങില്‍ ഏഴാം സ്ഥാനമാണിപ്പോള്‍. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ബുംറ സ്വന്തമാക്കിയിരുന്നു. 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെയാണ് ബുംറ ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ലോകകപ്പിലുള്‍പ്പെടെ ഇന്ത്യന്‍ ടീമിന്റെ പേസ് ആക്രമണത്തിന് നേതൃത്വം കൊടുക്കുന്നത് ബുംറയാണ്.