Cricket

കിട്ടിയത് 16.25 കോടി; കളിച്ചത് രണ്ട് കളി; ഒരു ഇംപാക്ടും ഉണ്ടാക്കാതെ ബെൻ സ്റ്റോക്സ് മടങ്ങുന്നു

ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഐപിഎലിൽ നിന്ന് മടങ്ങുന്നു. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ അവസാന ലീഗ് മത്സരത്തിനു ശേഷം സ്റ്റോക്സ് ആഷസ് തയ്യാറെടുപ്പുകൾക്കായി ഇംഗ്ലണ്ടിലേക്ക് മടങ്ങും. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനാണ് സ്റ്റോക്സ്. ചെന്നൈ 16.25 കോടി രൂപ മുടക്കി ടീമിലെത്തിച്ച സ്റ്റോക്സ് ഇക്കൊല്ലം ആകെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. എടുത്തത് 15 റൺസും വഴങ്ങിയത് ഒരു ഓവറിൽ 18 റൺസും. ശനിയാഴ്ചയാണ് ചെന്നൈയുടെ അവസാന ലീഗ് മത്സരം.

മാർച്ച് 31ന് ഗുജറാത്തിനെതിരെയും ഏപ്രിൽ മൂന്നിന് ലക്നൗവിനെതിരെയുമാണ് സ്റ്റോക്സ് കളിച്ചത്. ഗുജറാത്തിനെതിരെ നാലാം നമ്പറിൽ ഇറങ്ങിയ സ്റ്റോക്സ് ഏഴ് റൺസ് നേടി പുറത്തായി. ലക്നൗവിനെതിരെ അഞ്ചാം നമ്പറിലെത്തിയ താരം നേടിയത് 8 റൺസ്. ലക്നൗവിനെതിരെ ഒരു ഓവർ എറിഞ്ഞ സ്റ്റോക്സ് 18 റൺസ് വഴങ്ങുകയും ചെയ്തു. ഇതിനു ശേഷം താരം ഒരു കളി പോലും കളിച്ചില്ല. താരത്തിന് പരുക്കേറ്റു എന്നായിരുന്നു വിവരം. ഏപ്രിൽ 22ന്, സ്റ്റോക്സിനു പരുക്കേറ്റിരിക്കുകയാണെന്നും ഒരാഴ്ച പുറത്തിരിക്കുമെന്നും മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങ് അറിയിച്ചു. എന്നാൽ, പരുക്കിൽ നിന്ന് മുക്തനായിട്ടും താരം പിന്നീട് കളിച്ചില്ല. സ്റ്റോക്സ് പന്തെറിയാൻ ഫിറ്റല്ല എന്നാണ് ചെന്നൈ ടീം മാനേജ്മെൻ്റ് പറയുന്നത്. അവസാന മത്സരമായതിനാൽ പ്ലേയിങ്ങ് ഇലവനിൽ ചെന്നൈ മാറ്റം വരുത്തിയേക്കില്ല. ലീഗ് മത്സരങ്ങളിൽ മുഴുവൻ ടീമിനൊപ്പമുള്ളതിനാൽ സ്റ്റോക്സിന് ശമ്പളം മുഴുവൻ ലഭിക്കുമെന്നാണ് വിവരം. ഇതേപ്പറ്റി കൃത്യമായ വിവരമില്ല.

ഐപിഎലിൽ ഇന്ന് പഞ്ചാബ് കിംഗ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഇന്ന് വിജയിച്ചാൽ പഞ്ചാബ് അഞ്ചാം സ്ഥാനത്തെത്തും. നേരത്തെ പുറത്തായിക്കഴിഞ്ഞ ഡൽഹി ക്യാപിറ്റൽസിന് ഒരു ജയം പ്രത്യേകിച്ച് ഗുണം ചെയ്യില്ലെങ്കിലും അവസാന സ്ഥാനം മെച്ചപ്പെടുത്താൻ കഴിയും. ധരംശാലയിൽ രാത്രി 7.30നാണ് മത്സരം.