പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ പകരക്കാരനെ ചൊല്ലി ഇന്ത്യന്‍ ടീം മാനേജ്മെന്റും സെലക്ടര്‍മാരും തമ്മില്‍ തര്‍ക്കത്തിലെന്ന് റിപ്പോര്‍ട്ട്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് പുതിയൊരു ഓപ്പണറെ നല്‍കണമെന്ന് കഴിഞ്ഞ ദിവസം ടീം മാനേജര്‍ സെലക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ മായങ്ക് അഗര്‍വാളും രോഹിത് ശര്‍മ്മയും മാത്രമാണ് ഇന്ത്യയുടെ ഓപ്പണര്‍മാരെന്നും അതിനാല്‍ പ്രിത്വി ഷായെയോ ദേവ്ദത്ത് പടിക്കലിനെയോ ഇംഗ്ളണ്ട് പര്യടനത്തിന് വിട്ടുനല്‍കണമെന്നാണ് ടീം മാനേജ്മെന്റിന്റെ ആവശ്യം.
മാനേജ്മെന്റിന്റെ ഈ ആവശ്യത്തോട് സെലക്‌ട്ര്‍മാര്‍ക്ക് അനുകൂല നിലപാടല്ല ഉള്ളത്. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ കൂടെ ശ്രീലങ്കയില്‍ പരിശീലനത്തിലാണ് പ്രിത്വി ഷായും ദേവ്ദത്ത് പടിക്കലും. ഇംഗ്ലണ്ട് പര്യടനത്തിനിടെ ഏതെങ്കിലും ഓപ്പണര്‍മാര്‍ക്ക് പരിക്ക് പറ്റിയാല്‍ മാത്രമാണ് ഇവരുടെ സേവനം ആവശ്യമായി വരിക. അത്തരമൊരു ആവശ്യത്തിനു വേണ്ടി ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ സന്തുലിതാവസ്ഥ നശിപ്പിക്കാന്‍ സെലക്ടര്‍മാര്‍ തയ്ചാറല്ലെന്നാണ് ബി സി സി ഐയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ടീമിന്റെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് സെലക്ടര്‍മാര്‍. ക്യാപ്ടനും പരിശീലകനും ആവശ്യപ്പെട്ട ടീം കോംബിനേഷന്‍ ആണ് നല്‍കിയതെന്നും രാഹുലിനെ ഓപ്പണര്‍ എന്ന സ്ഥാനത്തേക്കാണ് ടീം ആവശ്യപ്പെട്ടതെന്നും സെലക്ടര്‍മാരിലൊരാള്‍ ഒരു ദേശീയമാദ്ധ്യമത്തോട് പറഞ്ഞു. ഇംഗ്ളണ്ട് പരമ്പരയ്ക്കായി യു കെയിലാണ് ടീം ഇന്ത്യ.