Cricket

ഗുസ്തിതാരങ്ങളുടെ സമരം: 1983 ലോകകപ്പ് ടീമിന്റെ പ്രസ്താവനയുമായി ബന്ധമില്ലെന്ന് ടീമംഗവും ബിസിസിഐ പ്രസിഡണ്ടുമായ റോജർ ബിന്നി

ഗുസ്തി താരങ്ങളെ പിന്തുണച്ച് 1983 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളുടെ ടീം അംഗങ്ങൾ പുറത്തിറക്കിയ പ്രഖ്യാപനവുമായി തനിക്ക് ബന്ധമില്ലെന്ന് ടീമിലെ അംഗവും ബിസിസിഐ പ്രസിഡണ്ടുമായ റോജർ ബിന്നി. കായികരംഗത്ത് രാഷ്ട്രീയം കലർത്തരുത്ത് എന്ന് പറഞ്ഞ റോജർ ബിന്നി ഗുസ്തിക്കാരുടെ പ്രതിഷേധത്തിന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ച് താൻ പ്രസ്താവന ഇറക്കിയെന്ന മാധ്യമവാർത്ത തെറ്റാണെന്ന് വാർത്ത ഏജൻസിയോട് വ്യക്തമാക്കി. 

“മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾക്ക് വിരുദ്ധമായി ഗുസ്തിക്കാരുടെ പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ ഞാൻ ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല. പ്രശ്നം പരിഹരിക്കാൻ കഴിവുള്ള അധികാരികൾ പ്രവർത്തിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു മുൻ ക്രിക്കറ്റ് താരം എന്ന നിലയിൽ സ്‌പോർട്‌സിനെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്‌ക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു.” റോജർ ബിന്നി വാർത്ത ഏജൻസിയോട് പറഞ്ഞു.

ഇന്നലെയാണ് ലൈംഗികാതിക്രമ പരാതിയിൽ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് 1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, ഇതിഹാസ താരങ്ങളായ സുനിൽ ഗവാസ്‌കർ, കപിൽ ദേവ് എന്നിവർ താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തി എന്നായിരുന്നു റിപോർട്ടുകൾ പുറത്തു വന്നത്.

‘രാജ്യത്തിന്റെ അഭിമാനമായ ചാമ്പ്യന്മാർ തെരുവിലൂടെ വലിച്ചിഴക്കപ്പെടുന്ന അസാധാരണമായ കാഴ്ച തങ്ങളെ അസ്വസ്ഥരാക്കുന്നു. കഠിനാധ്വാനത്തിലൂടെ നേടിയ മെഡലുകൾ ഗംഗാനദിയിലേക്ക് വലിച്ചെറിയേണ്ട സാഹചര്യം ആശങ്കാജനകമാണ്. വർഷങ്ങളുടെ പരിശ്രമം, ത്യാഗം, ദൃഢനിശ്ചയം എന്നിവ ഉൾക്കൊള്ളുന്നതാണ് ആ മെഡലുകൾ. അത് അവരുടെ മാത്രമല്ല, രാജ്യത്തിന്റെ അഭിമാനവും സന്തോഷവുമാണ്’ – 1983 ലോകകപ്പ് ജേതാക്കളായ ടീം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.