Cricket Sports

ടീം ഇന്ത്യ പരിശീലകനെ തേടുന്നു; യോഗ്യതകള്‍ ഇങ്ങനെ…

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചു. വെസ്റ്റിന്‍ഡീസ് പര്യടനത്തോടെ രവി ശാസ്ത്രിയുടെ കാലാവധി തീരുന്നതിന്റെ പശ്ചാതലത്തിലാണ് ബി.സി.സി.ഐ നടപടി. ജൂലൈ 30 വരെയാണ് അപേക്ഷ അയക്കാനുള്ള അവസാന തീയതി.

വേള്‍ഡ്കപ്പോടെ പരിശീലക പദവിയുടെ കാലാവധി തീര്‍ന്ന രവി ശാസ്ത്രിക്ക് 45 ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. റിക്രൂട്ട്മെന്റ് അപേക്ഷകള്‍ ജൂലെെ 30ന് വെെകീട്ട് 5 മിണിക്ക് മുമ്പായി recruitment@bcci.tvലേക്ക് അയക്കാനാണ് ബോര്‍ഡ് അറിയിച്ചിട്ടുള്ളത്.

മുഖ്യ പരിശീലകന് പുറമെ ബൌളിങ്, ബാറ്റിങ്, ഫീല്‍ഡിങ്ങ് പരിശീലക സ്ഥാനത്തേക്കും പുതിയ ആളുകളെ തെരഞ്ഞെടുക്കും. ഫിസിയോയെയും മാറ്റും. ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ തോല്‍വി കൂടി പരിഗണിച്ചാണ് ടീമിലെ അഴിച്ചുപണി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പുതിയ പരിശീലക സംഘമാകും ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാകുക.

ടെസ്റ്റ് പദവിയുള്ള ഒരു ടീമിനെ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും പരിശീലിപ്പിക്കുകയോ, മൂന്ന് വർഷം ഏതെങ്കിലും ടീമിലോ ഐ.പി.എല്ലിലോ അസോസിയേറ്റ് അംഗമായുള്ള പരിചയമോ ആണ് മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുന്നവർക്കായി ബി.സി.സി.ഐ മുന്നോട്ട് വെക്കുന്ന യോഗ്യത. ഇതിന് പുറമെ, 30 ടെസ്റ്റ് മത്സരങ്ങളും 50 ഏകദിനങ്ങളും കളിച്ചുള്ള പരിചയ സമ്പത്തും അപേക്ഷകർക്കുണ്ടായിരിക്കണം.

ഇതേ യോഗ്യതയോടൊപ്പം, 10 ടെസ്റ്റ്, 25 ഏകദിന മത്സരങ്ങളിൽ കളിച്ചുള്ള പരിചയമാണ് ബാറ്റിംഗ്, ബൗളിങ്, ഫീല്‍ഡിങ് പരിശീലകർക്ക് ആവശ്യമുള്ളത്. ഇവർക്ക് 60 വയസ്സിന് താഴെയായിരിക്കണം പ്രായം.

ലോകകപ്പ് സെമിഫെെനലിൽ ന്യൂസിലാന്റിനോട് തോറ്റാണ് ഇന്ത്യ പരമ്പരയിൽ നിന്നും പുറത്ത് പോകുന്നത്. മികച്ച ഫോമിലുള്ള ടീം ആയിരുന്നു എങ്കിലും, 2013ലെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം, ഒരു ഐ.സി.സി കിരീടം ഇന്ത്യക്ക് ലഭിച്ചിട്ടില്ല.