Cricket Sports

ഐപിഎൽ: ഈ സീസണിൽ ബിസിസിഐ നേടിയത് 4000 കോടി രൂപ

ഐപിഎൽ 13ആം സീസണിൽ ബിസിസിഐയുടെ വരുമാനം 4000 കോടി രൂപ. ടിവി വ്യൂവർഷിപ്പ് വരുമാനം ഒഴിവാക്കിയുള്ള കണക്കാണിത്. ബിസിസിഐ ട്രഷറർ അരുൺ ധമാൽ ആണ് കണക്ക് പുറത്തുവിട്ടത്. ഇത്തവണ ടിവി കാഴ്ചക്കാരുടെ എണ്ണത്തിൽ 25 ശതമാനം വർധനയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.

“ഈ കൊവിഡ് കാലത്ത് ഞങ്ങൾ 4000 കോടി രൂപ നേടി. ടിവി കാഴ്ചക്കാരുടെ എണ്ണത്തിൽ ഇത്തവണ 25 ശതമാനത്തോളം വർധന ഉണ്ടായി. എക്കാലത്തെയും മികച്ച ഓപ്പണിംഗ് ഗെയിം ടിവി വ്യൂവർഷിപ്പ് ലഭിച്ചു. ഞങ്ങളെ സംശയിച്ചവർ ഐപിഎൽ നടത്തിയതിന് ഞങ്ങൾക്ക് നന്ദി പറഞ്ഞു. ഐപിഎൽ നടന്നില്ലായിരുന്നു എങ്കിൽ താരങ്ങൾക്ക് ഒരു വർഷം നഷ്ടമായേനെ”- ധുമാൽ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഐപിഎൽ ചാമ്പ്യന്മാരായത് മുംബൈ ഇന്ത്യൻസ് ആയിരുന്നു. 5 വിക്കറ്റിനാണ് മുംബൈ കന്നി ഫൈനലിനെത്തിയ ഡൽഹിയെ കീഴ്പ്പെടുത്തിയത്. 157 വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 18.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 68 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് മുംബൈയുടെ ജയത്തിൻ്റെ സൂത്രധാരൻ. ഇഷാൻ കിഷൻ (33), ക്വിൻ്റൺ ഡികോക്ക് (20) എന്നിവരും മുംബൈ സ്കോറിലേക്ക് സംഭാവന നൽകി. ഡൽഹിക്ക് വേണ്ടി ആൻറിച് നോർക്കിയ 2 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ തുടർച്ചയായ രണ്ടാമത്തെയും ആകെ അഞ്ചാമത്തെയും കിരീടമാണ് മുംബൈ നേടിയത്.

അതേസമയം, അടുത്ത സീസണിൽ ടീമുകളുടെ എണ്ണം വർധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ 8 ടീമുകളുള്ള ഐപിഎലിൽ ഒരു ടീമിനെയും കൂടി ഉൾപ്പെടുത്തി ആകെ 9 ടീമുകളാവും അടുത്ത സീസണിൽ മത്സരിക്കുകയെന്നാണ് റിപ്പോർട്ട്. ഒരു ടീം കൂടി വരുന്ന സാഹചര്യത്തിൽ അടുത്ത വർഷം മെഗാ ലേലം ഉണ്ടാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെഗാ ലേലത്തിനു തയ്യാറെടുക്കാൻ ബിസിസിഐ ഫ്രാഞ്ചൈസികൾക്ക് നിർദ്ദേശം നൽകിയെന്നാണ് സൂചന.