ടീം ഇന്ത്യയിലെ സൂപ്പര്‍താരങ്ങളായ വിരാട് കോഹ് ലിയും രോഹിത് ശര്‍മ്മയും തമ്മില്‍ ചേര്‍ച്ചയില്ലെന്ന റിപ്പോര്‍ട്ടുകളാണ് അടുത്തിടെയായി നിറയുന്നത്. പ്രശ്‌നം വഷളാകുന്നതിനിടെ തര്‍ക്കം പരിഹരിക്കാന്‍ ബി.സി.സി.ഐ തന്നെ ഇടപെടുന്നു. അടുത്ത മാസം വിന്‍ഡീസിനെതിരെ നടക്കുന്ന പരമ്പരക്ക് മുന്നോടിയായി പ്രശ്‌നത്തില്‍ ഇടപെടാനാണ് ബി.സി.സി.ഐയുടെ തീരുമാനം. ഇതിനായി ബി.സി.സി.ഐ സിഇഒ രാഹുല്‍ ജോഹ്രി യുഎസിലേക്ക് തിരിക്കും.
പരമ്പരയിലെ ടി20 മത്സരങ്ങള്‍ യുഎസിലാണ് നടക്കുന്നത്. അവിടെ വെച്ച് ഇരുവരുടെയും സാന്നിധ്യത്തില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനാണ് ജോഹ്രിയുടെ യാത്ര എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ബി.സി.സി.ഐ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. രോഹിതും കോഹ് ലിയും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ബി.സി.സി.ഐ വ്യക്തമാക്കുന്നത്.
ഇന്നത്തെ കാലത്ത് രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രശ്നം ഇവരെ പിന്തുണയ്‍ക്കുന്നവർ കൂടി ഏറ്റെടുത്താൽ വഷളാകാൻ സാധ്യതയേറെയാണ്. കോഹ് ലിയും രോഹിതും പക്വതയുള്ള വ്യക്തികളാണ്. ഇരുവരോടും സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂവെന്നാണ് ബിസിസിഐ വൃത്തങ്ങൾ ദേശീയ മാധ്യമത്തോട് പറയുന്നത്. അതേസമയം വിഷയത്തിൽ കോഹ് ലിയോ രോഹിത് ശർമയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിനിടെ, വിദേശ പര്യടനങ്ങൾക്കു പുറപ്പെടും മുൻപ് പതിവുള്ള വാർത്താ സമ്മേളനം ഇത്തവണ കോഹ് ലി നടത്തില്ല എന്ന്ആദ്യം സൂചനയുണ്ടായിരുന്നെങ്കിലും ക്യാപ്റ്റൻ മാധ്യമങ്ങളെ കാണുമെന്ന് ബി.സി.സി.ഐ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിലെ പടലപ്പിണക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോടു നായകന്‍ പ്രതികരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.