Cricket Sports

മൂന്നാം ടി-20യിലും ഓസ്ട്രേലിയക്ക് പരാജയം; പരമ്പര സ്വന്തമാക്കി ബംഗ്ലാദേശിന് ചരിത്ര നേട്ടം

ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര തൂത്തുവാരി ബംഗ്ലാദേശ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ബംഗ്ലാദേശ് തൂത്തുവാരിയത്. ഇന്ന് നടന്ന അവസാന മത്സരത്തിൽ 10 റൺസിന് ഓസീസിനെ കീഴടക്കിയ ബംഗ്ലാദേശ് ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയക്കെതിരെ തുടർച്ചയായ മൂന്ന് മത്സരങ്ങൾ വിജയിച്ച് റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു. ഇത് ആദ്യമായാണ് ബംഗ്ലാദേശ് ഓസ്ട്രേലിയക്കെതിരെ ഒരു പരമ്പര സ്വന്തമാക്കുന്നത്. 128 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് 4 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് മാത്രമേ നേടാനായുള്ളൂ. 4 ഓവറിൽ വെറും 9 റൺസ് മാത്രം വഴങ്ങിയ മുസ്തഫിസുർ റഹ്മാനാണ് ബംഗ്ലാദേശിൻ്റെ വിജയശില്പി. (bangladesh series australia record)

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഫിഫ്റ്റിയടിച്ച (52) മഹ്മൂദുല്ലയുടെയും 26 റൺസെടുത്ത ഷാക്കിബ് അൽ ഹസൻ്റെയും മികവിലാണ് 128 റൺസ് നേടിയത്. ഓസ്ട്രേലിയക്കായി ടി-20യിൽ അരങ്ങേറിയ ഇന്നിംഗ്സിൻ്റെ അവസാന മൂന്ന് പന്തുകളിൽ തുടർച്ചയായ വിക്കറ്റുകൾ വീഴ്ത്തി ഹാട്രിക്ക് നേടി. അരങ്ങേറ്റ ടി-20യിൽ തന്നെ ഹാട്രിക്ക് നേടുന്ന ആദ്യ താരം എന്ന റെക്കോർഡും ഇതോടെ എല്ലിസ് സ്വന്തമാക്കി.

മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയക്കായി മിച്ചൽ മാർഷ് (51) ഫിഫ്റ്റിയടിച്ചെങ്കിലും കൃത്യതയോടെ പന്തെറിഞ്ഞ ബംഗ്ലാദേശ് ഓസ്ട്രേലിയയെ വരിഞ്ഞുമുറുക്കുകയായിരുന്നു. ബെൻ മക്ഡർമോർട്ട് (35), അലക്സ് കാരി (20 നോട്ടൗട്ട്) എന്നിവരാണ് ഓസീസിൻ്റെ മറ്റ് സ്കോറർമാർ.

അതേസമയം, യുഎഇയിൽ നടക്കുന്ന ഐപിഎൽ രണ്ടാം പാദത്തിൽ ബിസിസിഐബബിൾ ടു ബബിൾ ട്രാൻസ്ഫറിന് അനുമതി നൽകി. അതുകൊണ്ട് തന്നെ വിവിധ രാജ്യങ്ങളിൽ ദേശീയ മത്സരങ്ങൾ കളിക്കുന്ന താരങ്ങൾക്ക് നേരിട്ട് ഐപിഎലിൽ പങ്കെടുക്കാനാവും. ആറു ദിവസത്തെ ക്വാറൻ്റീൻ ഇല്ലാതെ തന്നെ താരങ്ങൾക്ക് ഐപിഎൽ ബബിളിൽ പ്രവേശിക്കാൻ സാധിക്കും.

ഇംഗ്ലണ്ട്-ഇന്ത്യ പരമ്പര, ശ്രീലങ്ക-ദക്ഷിണാഫ്രിക്ക പരമ്പര, കരീബിയൻ പ്രീമിയർ ലീഗ് എന്നീ മത്സരങ്ങളാണ് ഐപിഎലിനു തൊട്ടുമുൻപായി നടക്കുന്നത്. ഈ മത്സരങ്ങളിൽ കളിക്കുന്ന താരങ്ങൾക്കെല്ലാം നേരിട്ട് ഐപിഎലിലെത്താം. ഈ മൂന്ന് ക്രിക്കറ്റ് പരമ്പരകളുമായി സഹകരിക്കുന്ന കമൻ്റേറ്റർമാർക്കും സംപ്രേഷണാധികാരം ഉള്ളവർക്കും ബബിൾ ടു ബബിൾ ട്രാൻസ്ഫർ സൗകര്യം ലഭ്യമാകും.

സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.