അഫ്ഗാനിസ്താനും സിംബാബ്‌വെയും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരക്കൊരുങ്ങി ബംഗ്ലാദേശ്. സെപ്തംബര്‍ 13-24 വരെയാകും പരമ്പര. സിംബാബ്‌വെന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരായ ഐ.സി.സിയുടെ നടപടിക്ക് ശേഷം ആദ്യമായാണ് മറ്റൊരു ക്രിക്കറ്റ് ബോര്‍ഡ് സിംബാബ്‌വെയെ കളിക്കാന്‍ ക്ഷണിക്കുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. പരമ്പക്ക് താല്‍പര്യം പ്രകടിപ്പിച്ചുള്ള സിംബാബ്‌വെന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അപേക്ഷ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു.
അഫ്ഗാനിസ്താനെതിരായ ഒരു ടെസ്റ്റ് മത്സരം ബംഗ്ലാദേശ് കളിക്കുന്നുണ്ട്. അതിന് ശേഷമാണ് ത്രിരാഷ്ട്ര ഏകദിന പരമ്പര അരങ്ങേറുക. ക്രിക്കറ്റ് ബോര്‍ഡില്‍ രാഷ്ട്രീയ ഇടപെടല്‍ ആരോപിച്ച് സിംബാബ്‌വെ ക്രിക്കറ്റിനെ ഐ.സി.സി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള യോഗ്യതാ മത്സരം കളിക്കുന്നതില്‍ നിന്നും സിംബാബ്‌വയെ വിലക്കി. ഇതിനെതിരെ സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസ രംഗത്ത് എത്തിയിരുന്നു.
അതേസമയം ഐ.സി.സിയുടെ മത്സരങ്ങള്‍ക്കാണ് വിലക്കെന്നും മറ്റു രാഷ്ട്രങ്ങളുമായി പരമ്പര കളിക്കുന്നതില്‍ പ്രശ്‌നമില്ലെന്നുമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് നിസാമുദ്ദീന്‍ ചൗധരി വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന്റെ നിയമങ്ങള്‍ പ്രകാരം ഓരോ രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ സിംബാബ്‍വെ ക്രിക്കറ്റ് ബോര്‍ഡില്‍ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നാണ് ഐ.സി.സി പറയുന്നത്.