താനും രോഹിത് ശര്‍മ്മയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. തര്‍ക്കമുണ്ടെങ്കില്‍ ഇത്രയധികം വിജയങ്ങള്‍ നേടാന്‍ ടീമിന് എങ്ങനെ സാധിക്കുന്നുവെന്നായിരുന്നു ഇതു സംബന്ധിച്ച കോഹ്‌ലിയുടെ പ്രതികരണം.
ഏതാനും നാളുകളായി ഞാനും ഇങ്ങനെയുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നു, ഡ്രസിങ് റൂമിലെ അന്തരീക്ഷം മോശമാണെങ്കിൽ ഇത്രയും സ്ഥിരതയോടെ കളിക്കാൻ നമുക്കു സാധിക്കില്ലായിരുന്നുവെന്ന് വ്യക്തമല്ലേ? മാത്രമല്ല, ആരോടെങ്കിലും ദേഷ്യമുണ്ടെങ്കിൽ അത് എന്റെ മുഖത്തുതന്നെ കാണാമെന്നും കോഹ് ലി പറഞ്ഞു. നല്ല കാര്യങ്ങൾക്കു നേരെ കണ്ണടച്ച് ഇത്തരം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ വെസ്റ്റ്ഇന്‍ഡീസ് പരമ്പരക്ക് യാത്ര തിരിക്കും മുമ്പെ മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടീം ഇന്ത്യയിലെ സൂപ്പര്‍താരങ്ങളായ വിരാട് കോഹ് ലിയും രോഹിത് ശര്‍മ്മയും തമ്മില്‍ ചേര്‍ച്ചയില്ലെന്ന റിപ്പോര്‍ട്ടുകളാണ് അടുത്തിടെയായി നിറഞ്ഞിരുന്നത്. ലോകകപ്പില്‍ തോല്‍വിക്ക് കാരണം കോഹ്ലിയും പരിശീലകന്‍ രവിശാസ്ത്രിയും ചേര്‍ന്നെടുത്ത് ചില തീരുമാനങ്ങളാണെന്നും അതില്‍ രോഹിതിന് തൃപ്തിയല്ലായിരുന്നുവത്രെ. ഇവര്‍ തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ ബി.സി.സി.ഐ സിഇഒ രാഹുല്‍ ജോഹ്രി യുഎസിലേക്ക് തിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.