ഏഷ്യാ കപ്പിലെ മോശം ഫോമിൽ വിമർശിക്കുന്നവർക്ക് മറുപടിയുമായി പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം. എല്ലാ കളിയിലും സ്കോർ ചെയ്യാമെന്ന് എവിടെയും എഴുതിവച്ചിട്ടില്ലെന്ന് അസം പറഞ്ഞു. ക്രിക്കറ്റിൽ ഉയർച്ചതാഴ്ചകളുണ്ടാവും. അങ്ങനെയുള്ള സമയത്ത് ആത്മവിശ്വാസമുണ്ടാവേണ്ടത് അത്യാവശ്യമാണ്. അത് പ്രധാനമാണ് എന്നും ക്രിക്കറ്റ് പാകൊസ്താൻ്റെ യൂട്യൂബ് ചാനലിൽ ബാബർ പറഞ്ഞു.
ഏഷ്യാ കപ്പിൽ പാകിസ്താൻ കലാശപ്പോരിലെത്തിയെങ്കിലും ബാബർ അസം മോശം ഫോമിലാണ്. 10, 9, 14, 0 എന്നിങ്ങനെയാണ് ഇന്ത്യ, ഹോങ്കോങ്, ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കെതിരെ അസം സ്കോർ ചെയ്തത്. നാല് മത്സരങ്ങളിൽ നിന്ന് ആകെ 33 റൺസ്. ശരാശരി 8.25. സ്‌ട്രൈക്ക്‌റേറ്റ് 117.
ബാബർ അസമിനെ മറികടന്ന് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ ഐസിസി ടി-20 റാങ്കിംഗിൽ ഒന്നാമത് എത്തിയിരുന്നു. 815 റേറ്റിംഗോടെയാണ് റിസ്‌വാൻ ഒന്നാം റാങ്കിലെത്തിയത്. ബാബർ അസം 794 റേറ്റിംഗുമായി രണ്ടാമതുണ്ട്. ഏറെ നാളായി സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന റിസ്‌വാൻ ഏഷ്യാ കപ്പിലും ഗംഭീര ഫോം തുടരുകയാണ്.
നാലാം സ്ഥാനത്തുള്ള സൂര്യകുമാർ യാദവാണ് ഇന്ത്യൻ താരങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ളത്. 775 ആണ് സൂര്യയുടെ റേറ്റിംഗ്. 792 റേറ്റിംഗുള്ള ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമാണ് മൂന്നാമത്.
ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിൽ 43 റൺസെടുത്ത റിസ്‌വാൻ, ഹോങ്കോങിനെതിരെ 78 റൺസെടുത്ത് പുറത്താവാതെ നിന്നു. സൂപ്പർ ഫോറിൽ ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിൽ 71 റൺസെടുത്താണ് താരം പുറത്തായത്. അഫ്ഗാനെതിരെ റിസ്‌വാൻ 20 റൺസെടുത്തു.
ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ഇന്ത്യ 101 റൺസിന് പരാജയപ്പെടുത്തി. 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാന് 8 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. വിരാട് കോലി, കെ.എൽ രാഹുൽ, ഭുവനേശ്വർ കുമാർ എന്നിവരാണ് ഇന്ത്യയുടെ വിജയ ശിൽപ്പികൾ.