സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും മേലുള്ള താലിബാൻ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പിന്മാറി. ഐസിസി സൂപ്പർ ലീഗിന്റെ ഭാഗമായി മാർച്ച് അവസാനത്തോടെ യുണൈറ്റഡ് അറബ് എമിറേറ്റിൽ നടത്താനിരുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നിന്നുമാണ് പിന്മാറിയത്. ഇതോടെ ഐസിസി ഏകദിന സൂപ്പർ ലീഗ് പോയിന്റുകൾ അഫ്ഗാന് ലഭിക്കും.
ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ക്രിക്കറ്റ് ഗവേണിംഗ് ബോഡി ഇക്കാര്യം അറിയിച്ചത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ നിഷേധിക്കുന്ന താലിബാൻ്റെ നടപടിയിൽ പ്രതിഷേധിച്ചാണ് തീരുമാനം. രാജ്യത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ അഫ്ഗാൻ ക്രിക്കറ്റ് ബോർഡുമായി ചർച്ച നടത്തുമെന്നും സി.എ അറിയിച്ചു. വിഷയത്തിൽ ഓസ്ട്രേലിയൻ സർക്കാരിന്റെ പിന്തുണയ്ക്കും സി.എ നന്ദി രേഖപ്പെടുത്തി.