ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ 109 റൺസിന് പുറത്ത്. ആദ്യ സെഷനിൽ ഓസ്ട്രേലിയൻ സ്പിന്നർമാർ കത്തിക്കയറുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാത്യു കുഹ്നെമാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോണുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. അതേസമയം മറുപടി ബാറ്റിങ്ങിൽ 7 ഓവർ പിന്നിടുമ്പോൾ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് എന്ന നിലയിലാണ്.
ഇൻഡോറിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ രോഹിതിന്റെ പ്രതീക്ഷകളാകെ തെറ്റിക്കുന്ന പ്രകടനമാണ് ഓസ്‌ട്രേലിയൻ സ്പിന്നർമാർ പുറത്തെടുത്തത്. ഇന്നിംഗ്‌സിന്റെ ആദ്യ ഓവറിൽ തന്നെ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ രോഹിത് ശർമ്മയ്ക്ക് ഭാഗ്യം തുണച്ചെങ്കിലും അത് മുതലെടുക്കാൻ കഴിഞ്ഞില്ല. വൈകാതെ 12 റൺസുമായി രോഹിത് പുറത്ത്. ഇതിന് പിന്നാലെ വിക്കറ്റുകളുടെ കുത്തൊഴുക്കായിരുന്നു.
കെ.എൽ രാഹുലിന് പകരം കളിക്കുന്ന ശുഭ്മാൻ ഗിൽ 18 പന്തിൽ 21 റൺസെടുത്ത് ഔട്ട് ആയി. ചേതേശ്വർ പൂജാര ഒരു റണ്ണിന് പുറത്തായപ്പോൾ രവീന്ദ്ര ജഡേജ നാല് റൺസെടുത്തു. ശ്രേയസ് അയ്യർക്ക് അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞില്ല, വിരാട് കോലിക്ക് 52 പന്തിൽ 22 റ റൺസെടുത്തു. 30 പന്തിൽ 17 റൺസെടുത്ത ശേഷമാണ് ശ്രീകർ ഭരത് പുറത്തായത്. ഉച്ചഭക്ഷണത്തിന് ശേഷം രവിചന്ദ്രൻ അശ്വിനെയും (3) ഉമേഷ് യാദവിനെയും കുഹ്നെമാൻ പുറത്താക്കി. 13 പന്തിൽ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 17 റൺസാണ് ഉമേഷ് നേടിയത്. സിറാജ് റണ്ണൗട്ടായപ്പോൾ അക്ഷർ 12 റൺസുമായി പുറത്താകാതെ നിന്നു.
അരങ്ങേറ്റ ഇന്നിംഗ്‌സിൽ ഇടങ്കയ്യൻ സ്പിന്നർ മാത്യു കുഹ്‌നെമാൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ലിയോണിന് മൂന്ന് വിക്കറ്റ് ലഭിച്ചു. ടോഡ് മർഫിക്ക് ഒരു വിക്കറ്റും നേടി. രോഹിത്, ശുഭ്മാൻ, ശ്രേയസ്, അശ്വിൻ, ഉമേഷ് എന്നിവരെയാണ് കുഹ്നെമാൻ പുറത്താക്കിയത്. അതേസമയം പൂജാര, ജഡേജ, ഭരത് എന്നിവരെ ലിയോൺ പവലിയനിലേക്ക് അയച്ചു. ടോഡ് മർഫിയാണ് കോലിയെ പുറത്താക്കിയത്. ഓസ്‌ട്രേലിയക്കെതിരെ സ്വന്തം തട്ടകത്തിൽ ഇന്ത്യ നേടുന്ന നാലാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് 109. 1983ൽ വാങ്കഡെയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 104 റൺസും 2017ൽ പൂനെയിൽ 105 റൺസും 2017ൽ പൂനെയിൽ 107 റൺസും ഇപ്പോൾ 109 റൺസുമാണ് ഇന്ത്യ നേടിയത്.