ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. രണ്ടാം ഇന്നിങ്സില്‍ 36 എന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറുമായി നാണംകെട്ട ടീം ഇന്ത്യക്ക് ഓസീസിനെ പിടിച്ചുകെട്ടാനായില്ല. ഫലം കംഗാരുപ്പടക്ക് എട്ടു വിക്കറ്റിന്റെ ഗംഭീര വിജയം.
ടോസിന്റെ ആനുകൂല്യത്തില്‍ അഡ്ലെയ്ഡില് ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാനായില്ല. ഒന്നാം ഇന്നിങ്സില്‍ സ്കോര്‍ ബോര്‍ഡ് തുറക്കുംമുമ്പ് ഓപ്പണര്‍ പൃഥ്വി ഷാ കൂടാരം കയറിയത് തന്നെ ഇന്ത്യക്കുള്ള സൂചനയായിരുന്നു. പക്ഷേ പുജാരയും നായകന് കൊഹ്ലിയും രഹാനെയും ചേര്‍ന്ന് വിക്കറ്റ് വീഴ്ചക്ക് തടയിട്ടപ്പോള്‍ 244 എന്ന ‘ഭേദ’പ്പെട്ട ടോട്ടലിലേക്ക് ടീം ഇന്ത്യ എത്തി.
മറുപടി ബാറ്റിങിനിറങ്ങിയ ഓസീസിനെ വമ്പന്‍ ലീഡില്‍ നിന്ന് തടയാന്‍ ഉറച്ച് തന്നെയായിരുന്നു ഇന്ത്യന്‍ ബോളര്‍മാര്‍ പന്തെടുത്തത്. ഫീല്‍ഡിലെ മിന്നും പ്രകടനത്തിലൂടെ ഓസീസിനെ എറിഞ്ഞിടാന്‍ ഇന്ത്യക്കായി. നാലു വിക്കറ്റെടുത്ത അശ്വിനും മൂന്നു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും ഓസീസിനെ യഥാര്‍ഥത്തില്‍ പഞ്ഞിക്കിട്ടു. 47 റണ്‍സെടുത്ത ലബുഷെയ്നിനും മധ്യനിരയില്‍ നിലയുറപ്പിച്ച് 73 റണ്‍സ് അടിച്ചു കൂട്ടിയ നായകന് ടിം പെയ്നിനും മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങാനായത്. വിക്കറ്റുകള്‍ യഥേഷ്ടം കൊഴിഞ്ഞതോടെ പെയ്നിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാനായില്ല. ഇതോടെ 191 റണ്‍സ് എന്ന സ്കോറിലേക്ക് ഓസീസ് ഒതുക്കപ്പെട്ടു.
നാണക്കേടിന്റെ രണ്ടാം ഇന്നിങ്സ്
ടീം ഇന്ത്യക്ക് ഇതെന്തു പറ്റി ? എന്ന് ആരും ചോദിച്ചു പോയ ദിവസമായിരുന്നു ഇന്ന്. സോഷ്യല്‍ മീഡിയയിലെ വെറും ‘ഞെട്ടിക്കല്‍’ അല്ല. ക്രിക്കറ്റ് ആരാധകര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയ ദിവസം. ഒന്നാം ടെസ്റ്റില്ന്റെ മൂന്നാം ദിനം ടീം ഇന്ത്യയുടെ കറുത്ത ദിനമായി. കംഗാരു പടയെ ഒന്നാം ഇന്നിങ്സില്‍ വെറും 191 റണ്‍സിന് പിടിച്ചുകെട്ടിയ ഇന്ത്യന്‍ ബോളര്‍മാര്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയെങ്കിലും നാണക്കേടിന്റെ ദിനമാണ് വരാനിരിക്കുന്നതെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ടീം ഇന്ത്യ കേവലം 36 റണ്‍സിനാണ് ബാറ്റിങിന് തിരശീലയിട്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്റിങ് തകര്‍ച്ചയാണ് ടീം ഇന്ത്യ നേരിട്ടത്.
ഓസീസ് പേസര്‍മാരുടെ തീപ്പൊരി പന്തുകള്‍ക്ക് മുമ്പില്‍ വിഖ്യാതമായ ഇന്ത്യന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. നായകന് വിരാട് കൊഹ്ലിക്ക് പോലും രണ്ടക്കം കാണാനായില്ല. അഞ്ച് വിക്കറ്റ് നേടിയ ഹസല്‍വുഡും നാലു വിക്കറ്റെടുത്ത കമ്മിന്‍സുമാണ് ടീം ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. സ്കോര്‍ ബോര്‍ഡില്‍ ഏഴു റണ്‍സ് ആയിരിക്കുമ്പോഴാണ് ഇന്ത്യയുടെ തകര്‍ച്ച തുടങ്ങുന്നത്. ഓപ്പണര്‍ പൃഥ്വി ഷാ നാലു റണ്‍സ് എടുക്കുന്നതിനിടെ കമ്മിന്‍സിന് ഇരയായി. തൊട്ടുപിന്നാലെ നൈറ്റ് വാച്ച്മാന് ബുംറ രണ്ട് റണ്‍സുമായി കൂടാരം കയറി.
പിന്നീടങ്ങോട്ട് ഓസീസ് ബോളര്‍മാരുടെ അഴിഞ്ഞാട്ടമായിരുന്നു കണ്ടത്. ക്രീസിലെത്തിയ ഒരാളെ പോലും നിലയുറപ്പിക്കാന്‍ അവര്‍ സമ്മതിച്ചില്ല. കൊഹ്ലിക്ക് വരെ കമ്മിന്‍സിനെ പ്രതിരോധിക്കാനായില്ല. തുടരെ തുടരെ വിക്കറ്റുകള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു. ഒടുവില്‍ ഷമി റിട്ടയഡ് ഹര്‍ട്ടായി പുറത്തേക്ക് നടന്നതോടെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിന് അവസാനമായി. അങ്ങനെ ഓസീസിന്റെ വിജയലക്ഷ്യം 90 എന്ന് നിശ്ചയിക്കപ്പെട്ടപ്പോള്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെന്ന നാണക്കേടുമായി ഇന്ത്യന്‍ താരങ്ങള്‍ ഫീല്‍ഡിലേക്ക്.
ഓസീസിന് അനായാസമായിരുന്നു പിന്നീടങ്ങോട്ട് കാര്യങ്ങള്‍. എപ്പോള്‍ ജയിക്കണമെന്ന് ഓസീസിന് തീരുമാനിക്കാമായിരുന്നു. പത്തു വിക്കറ്റ് വിജയമുറപ്പിച്ചതു പോലെ പതിഞ്ഞ താളത്തിലായിരുന്നു ഓസീസിന്റെ സ്കോറിങ്. എന്നാല്‍ സ്കോര്‍ 70 ല്‍ എത്തിയപ്പോള്‍ സാഹയുടെ രൂപത്തില്‍ ഇന്ത്യക്ക് ചെറിയൊരു ആശ്വാസം. ഓപ്പണര്‍ മാത്യു വേഡിന്റെ വിക്കറ്റ് സാഹയിലൂടെ. 33 റണ്‍സുമായി വേഡ് പുറത്തായെങ്കിലും ഓസീസ് കുലുങ്ങിയില്ല. വിജയത്തിന് തൊട്ടരികെ വെച്ച് ഒന്നാം ഇന്നിങ്സിലെ മിന്നും താരമായിരുന്ന ലബുഷെയ്നിനെ അശ്വിന് മായങ്ക് അഗര്‍വാളിന്റെ കൈകളിലെത്തിച്ചു. അപ്പോഴും കംഗാരുപ്പട വിറച്ചില്ല. ഒടുവില്‍ സ്മിത്തിനെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി യാദവിനെ സിക്സറിന് പറത്തി ബേണ്‍സ് ഓസീസിന്റെ വിജയം ആഘോഷിച്ചു. അതിനൊപ്പം ടെസ്റ്റിലെ ഏഴാമത്തെ അര്‍ധ ശതകവും ബേണ്‍സ് കുറിച്ചു.