Cricket Sports

രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ പൊരുതുന്നു; മൂന്നാം ദിനം അവസാനിക്കുമ്പോൾ രണ്ട് റൺസ് ലീഡ്

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ പൊരുതുന്നു. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ട് റൺസിൻ്റെ ലീഡ് ആണ് ആതിഥേയർക്ക് ഉള്ളത്. പാറ്റ് കമ്മിൻസ്-കാമറൂൺ ഗ്രീൻ സഖ്യം ഏഴാം വിക്കറ്റിൽ നടത്തിയ ചെറുത്തുനില്പാണ് ഓസീസിന് ലീഡ് നേടിക്കൊടുത്തത്. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ ഓസ്ട്രേലിയയെ പിടിച്ചുനിർത്തുകയായിരുന്നു.

131 റൺസ് ലീഡ് വഴങ്ങിയാണ് ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിനെത്തിയത്. ജോ ബേൺസിനെ (4) തുടക്കത്തിൽ തന്നെ പുറത്താക്കിയ ഉമേഷ് യാദവ് ഇന്ത്യക്ക് ഗംഭീര തുടക്കം നൽകി. നല്ല രീതിയിൽ തുടങ്ങിയ ലെബുഷെയ്ൻ (28) അശ്വിൻ്റെ പന്തിൽ രഹാനയുടെ കൈകളിൽ അവസാനിച്ചു. സ്റ്റീവ് സ്മിത്തിനെ (8) ബുംറ ക്ലീൻ ബൗൾഡാക്കിയത് ഓസീസിനെ ഉലച്ചുകളഞ്ഞു. പൊരുതിക്കളിച്ച മാത്യു വെയ്ഡിനെ (40) വിക്കറ്റിനു മുന്നിൽ കുരുക്കിയ ജഡേജ ഓസ്ട്രേലിയയെ കടുത്ത സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടു. ട്രാവിസ് ഹെഡ് (17) മുഹമ്മദ് സിറാജിൻ്റെ പന്തിൽ മായങ്ക് അഗർവാളിൻ്റെ കൈകളിൽ ഒതുങ്ങി. ടിം പെയ്നെ (1) രവീന്ദ്ര ജഡേജ ഋഷഭ് പന്തിൻ്റെ കൈകളിൽ എത്തിച്ചു.

6 വിക്കറ്റിനു 99 റൺസ് എന്ന നിലയിൽ ഇന്നിംഗ്സ് തോൽവി മുന്നിൽ കണ്ട ഓസീസിനെ ഏഴാം വിക്കറ്റിലെ കമ്മിൻസ്-ഗ്രീൻ കൂട്ടുകെട്ട് രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരും ചേർന്ന് അപരാജിതമായ 34 റൺസിൻ്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എന്ന നിലയിലാണ്. കാമറൂൺ ഗ്രീൻ (17), പാറ്റ് കമ്മിൻസ് (15) എന്നിവർ ക്രീസിൽ തുടരുകയാണ്.