Cricket Sports

ലൈംഗികാതിക്രമം; ബറോഡ വനിതാ ക്രിക്കറ്റ് പരിശീലകനായ മുന്‍ ഇന്ത്യന്‍ താരത്തിനെതിരെ നടപടി

ബറോഡ വനിതാ ക്രിക്കറ്റ് താരങ്ങള്‍ നല്‍കിയ പരാതിയില്‍ മുഖ്യ പരിശീലകന്‍ അതുല്‍ ബദാദെക്ക് സസ്‌പെന്‍ഷന്‍. ലൈംഗികാതിക്രമ പരാതിയായതിനാല്‍ പരാതി ലഭിച്ച ഉടന്‍ തന്നെ ബദാദെയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സംഭവം അന്വേഷിക്കാന്‍ ഏകാംഗ കമ്മീഷനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുതിര്‍ന്ന താരങ്ങളുടെ പരാതിയെ തുടര്‍ന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷനാണ് നടപടിയെടുത്തത്. മുന്‍ ഇന്ത്യന്‍ താരമായ ബദാദെ കഴിഞ്ഞ വര്‍ഷമാണ് ബറോഡയുടെ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. നേരത്തെ ബറോഡ പുരുഷ ടീമിന്റെ പരിശീലകനായും ബദാദെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ഹിമാചല്‍ പ്രദേശില്‍ നടന്ന ഏകദിന ടൂര്‍ണമെന്റിനിടെയായിരുന്നു ബദാദെയുടെ മോശം പ്രവൃത്തി. ലൈംഗികാതിക്രമം നടത്തുകയും പരസ്യമായി അപമാനിക്കുകയും ചെയ്തുവെന്നാണ് കളിക്കാരുടെ പരാതി. പരാതി ലഭിച്ച ഉടനെ അസോസിയേഷന്‍ ബദാദെയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു ഏകാംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഈ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും തുടര്‍ നടപടി.

ഇന്ത്യയ്ക്കുവേണ്ടി 13 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ഇടംകയ്യന്‍ ബാറ്റ്‌സ്മാനായ ബദാദെ 22.57ശരാശരിയില്‍ 158 റണ്‍സാണ് നേടിയിട്ടുള്ളത്. 1994ല്‍ ഷാര്‍ജയില്‍ എ.ഇയ്‌ക്കെതിരേയായിരുന്നു അരങ്ങേറ്റം. രഞ്ജിയില്‍ ബറോഡയ്ക്കുവേണ്ടി 64 മത്സരങ്ങളും കളിച്ചിട്ടുണ്ട്.