സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്താനോട് പരാജയപ്പെട്ടതോടെ ഏഷ്യാ കപ്പ് ഫൈനലിലെത്താൻ ഇന്ത്യക്ക് മുന്നിലുള്ളത് വലിയ കടമ്പ. സൂപ്പർ ഫോറിലെ ഇനിയുള്ള രണ്ട് മത്സരങ്ങളും വൻ മാർജിനിൽ ജയിച്ചാലേ ഇന്ത്യക്ക് ഫൈനലിൽ പ്രവേശിക്കാനാവൂ. അതേസമയം, ശ്രീലങ്ക പാകിസ്താൻ മത്സര ഫലവും ഇന്ത്യയുടെ ഫൈനൽ പ്രവേശനത്തിൽ നിർണായകമാവും.
ഇനി അഫ്ഗാനിസ്ഥാനും ശ്രീലങ്കയുമാണ് ഇന്ത്യയുടെ എതിരാളികൾ. ഈ രണ്ട് മത്സരങ്ങളും ഇന്ത്യക്ക് ഉയർന്ന മാർജിനിൽ ജയിക്കണം. ഇതോടെ അഫ്ഗാനിസ്ഥാൻ പുറത്താവും. സൂപ്പർ ഫോറിൽ അഫ്ഗാൻ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ശ്രീലങ്ക-പാകിസ്താൻ മത്സരത്തിൽ ശ്രീലങ്ക വിജയിച്ചാൽ ഇന്ത്യയുടെ നില പരുങ്ങലിലാവും. അങ്ങനെയെങ്കിൽ നെറ്റ് റൺ റേറ്റ് നിർണായകമാവും. എന്നാൽ, പാകിസ്താൻ ശ്രീലങ്കയെ തോല്പിച്ചാൽ ഇന്ത്യ ഫൈനൽ കളിക്കും.
സൂപ്പർ ഫോർ പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് ബാക്കി നിൽക്കെ പാകിസ്താൻ മറികടന്നു. 51 പന്തിൽ 71 റൺസെടുത്ത മുഹമ്മദ് റിസ്വാനാണ് ടീമിന് ജയം സമ്മാനിച്ചത്. മുഹമ്മദ് നവാസ് 20 പന്തിൽ 42 റൺസ് നേടി. ഖുശ്ദിൽ ഷാ 11 പന്തിൽ 14 റൺസുമായി പുറത്താകാതെ നിന്നു, ഇഫ്തിഖർ അഹമ്മദ് രണ്ട് റൺസെടുത്തു.
അതേസമയം, മത്സരത്തിൽ ആസിഫ് അലിയെ കൈവിട്ട ഇന്ത്യൻ യുവ പേസർ അർഷ്ദീപ് സിംഗിനു പിന്തുണയുമായി ബോക്സിംഗ് താരം വിജേന്ദർ സിംഗ് രംഗത്തുവന്നു. പട്ടികൾ കുരച്ചുകൊണ്ടേയിരിക്കും എന്ന് വിജേന്ദർ അർഷ്ദീപിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തു. ക്യാച്ച് കൈവിട്ടതിനു പിന്നാലെ അർഷ്ദീപിനെതിരെ വ്യാപക സൈബർ ആക്രമണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് വിജേന്ദറിൻ്റെ ട്വീറ്റ്.
മത്സരഫലത്തിൽ ആസിഫ് അലിയുടെ പാഴാക്കിയ ക്യാച്ച് ഏറെ നിർണായകമായിരുന്നു. 18ആം ഓവറിൽ യുവ സ്പിന്നർ രവി ബിഷ്ണോയ്‌യെ ആക്രമിക്കാൻ ശ്രമിച്ച ആസിഫിൻ്റെ അനായാസ ക്യാച്ച് കൈപ്പിടിയിലൊതുക്കാൻ അർഷ്ദീപിനു സാധിച്ചില്ല. ക്യാച്ച് പാഴാക്കുമ്പോൾ ആസിഫ് അലിയുടെ വ്യക്തിഗത സ്കോർ 2 ആയിരുന്നു. പിന്നീട് 8 പന്തുകളിൽ 16 റൺസെടുത്ത ആസിഫ് അലി പാക് വിജയത്തിൽ നിർണായക പങ്കുവഹിച്ചു.