ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ കളിക്കും. കൊളംബോ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം. ഫൈനലിൽ പ്രവേശിച്ചതിനാൽ ഇന്ത്യ ഇന്ന് സൂര്യകുമാർ യാദവ്, തിലക് വർമ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ താരങ്ങൾക്ക് ടീമിൽ ഇടം നൽകിയേക്കും. (asia cup india bangladessh)
സൂപ്പർ ഫോറിലെ രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ചാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. പാകിസ്താനെ 228 റൺസിനു തകർത്ത ഇന്ത്യ ശ്രീലങ്കയെ 41 റൺസിനു മറികടന്നു. ശ്രീലങ്കയ്ക്കെതിരെ അല്പമൊന്ന് പരുങ്ങിയെങ്കിലും വിജയിക്കാനായത് ഇന്ത്യക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരികെയെത്തിയ കെഎൽ രാഹുൽ ഫോമിലാണെന്നത് മധ്യനിരയിലെ പ്രശ്നങ്ങൾക്ക് വലിയ അളവിൽ ആശ്വാസമാണ്. രാഹുൽ എന്നല്ല, ഗിൽ, രോഹിത്, കോലി എന്നിവരൊക്കെ ഫോമിലാണ്. ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ പ്രകടനങ്ങളും ഇന്ത്യൻ മുന്നേറ്റത്തിൽ നിർണായകമായിട്ടുണ്ട്. കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവർ അസാമാന്യ ഫോമിൽ പന്തെറിയുമ്പോൾ മറ്റുള്ളവർ കൃത്യമായ പിന്തുണ നൽകുന്നു. ലോകകപ്പിനു മുൻപ് ശ്രേയാസ് അയ്യരിനും സൂര്യകുമാർ യാദവിനും ഗെയിം ടൈം നൽകാൻ ഇന്ന് ഇരുവരെയും ടീമിൽ പരീക്ഷിച്ചേക്കും. തിലകിനും അവസരം ലഭിക്കാനിടയുണ്ട്.
ബംഗ്ലാദേശിനെ സംബന്ധിച്ച് ലോകകപ്പ് ടീം തെരഞ്ഞെടുപ്പിനുള്ള അവസാന അവസരമാണ് ഈ കളി. ടൂർണമെൻ്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞ ബംഗ്ലാദേശിന് ലോകകപ്പ് സ്ക്വാഡ് ഏതാകുമെന്ന ധാരണ ഈ കളിയോടെ ഉണ്ടായേക്കും. മെഹിദി ഹസൻ മിറാസ് ഓപ്പണർ റോളിൽ തിളങ്ങുന്നത് ബംഗ്ലാദേശിന് വളരെ ആത്മവിശ്വാസം നൽകുന്നുണ്ട്. അഫീഫ് ഹുസൈൻ ഇന്ന് കളിച്ചേക്കും.
ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്താനെ രണ്ട് വിക്കറ്റിനു തകർത്താണ് ശ്രീലങ്ക ഫൈനലിൽ കടന്നത്. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരമാണ് ശ്രീലങ്കയുടെ വിജയം. 42 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താൻ മുന്നോട്ടുവച്ച വിജയലക്ഷ്യം അവസാന പന്തിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി ശ്രീലങ്ക മറികടന്നു. ശ്രീലങ്കയുടെ 11ആം ഏഷ്യാ കപ്പ് ഫൈനലാണ് ഇത്. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെ കീഴടക്കി ശ്രീലങ്ക ജേതാക്കളായിരുന്നു.