വീണ്ടും ഇന്ത്യൻ ടീമിൻ്റെ പരിശീലകനാവാനുള്ള ക്ഷണം നിരസിച്ച് മുൻ പരിശീലകൻ ഗാരി കേസ്റ്റൺ. ഇന്ത്യൻ വനിതാ ടീം പരിശീലകനാവാനുള്ള ബിസിസിഐയുടെ ക്ഷണം കേസ്റ്റൺ തള്ളിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ ഉപദേശകനായ കേസ്റ്റൺ ഇന്ത്യൻ വനിതാ ടീം പരിശീലകനായി സമയം നീക്കിവെക്കാനില്ലാത്തതിനാലാണ് ക്ഷണം നിരസിച്ചത്. കേസ്റ്റൺ പിന്മാറിയതോടെ ബിസിസിഐ മറ്റ് ആളുകളെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഇന്ത്യയുടെ മുൻ താരങ്ങളായ അമോൽ മസുംദാർ, ഋഷികേഷ് കനിത്കർ എന്നിവരെയും ഇംഗ്ലണ്ട് മുൻ ക്യാപ്റ്റനും വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിൻ്റെ പരിശീലകനുമായ ഷാർലറ്റ് എഡ്വാർഡ്സിനെയുമൊക്കെ ബിസിസിഐ പരിഗണിക്കുന്നുണ്ട്.