ഓൾറൗണ്ടറും ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കർ വരുന്ന ആഭ്യന്തര സീസണിൽ ഗോവയ്ക്കായി കളിക്കും. മുംബൈ ടീമിൽ അവസരം ലഭിക്കാത്തതിനെ തുടർന്നാണ് താരം ഗോവയിലേക്ക് മാറുന്നത്. ഗോവയ്ക്കായി കളിക്കാൻ അർജുന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അനുമതി നൽകിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, മുംബൈ ഇന്ത്യൻസിൻ്റെ കേപ്‌ടൗൺ ഫ്രാഞ്ചൈസി വമ്പൻ താരങ്ങളെ ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കയുടെ സിഎസ്എ ടി-20 ലീഗിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരിക്കുന്ന ഫ്രാഞ്ചൈസിയാണ് എംഐ കേപ്‌ടൗൺ. റാഷിദ് ഖാൻ, കഗീസോ റബാഡ, സാം കറൻ, ലിയാം ലിവിങ്സ്റ്റൺ, ഡെവാൾഡ് ബ്രെവിസ് എന്നീ താരങ്ങൾ കേപ്‌ടൗണിനായി കളിക്കുമെന്ന് അധികൃതർ അറിയിച്ചു.
ലേലത്തിനു മുൻപ് ഓരോ ടീമിനും അഞ്ച് താരങ്ങളെ വീതം ടീമിലെത്തിക്കാൻ അനുവാദമുണ്ട്. ഇതിൽ മൂന്ന് വിദേശതാരങ്ങളും ഒരു ദക്ഷിണാഫ്രിക്കൻ താരവും ഒരു ദക്ഷിണാഫ്രിക്കൻ അൺ കാപ്പ്ഡ് താരവും ഉൾപ്പെട്ടിരിക്കണം. റാഷിദ്, കറൻ, ലിവിങ്സ്റ്റൺ എന്നിവർ വിദേശതാരങ്ങളാണ്. കഗീസോ റബാഡയാണ് ദക്ഷിണാഫ്രിക്കൻ താരം. മുംബൈ ഇന്ത്യൻസിൻ്റെ തന്നെ താരമായ ഡെവാൾഡ് ബ്രെവിസ് അൺകാപ്പ്ഡ് താരമാവും.
വേറെ ഒരു ടീമും തങ്ങളുടെ സൈനിങുകൾ പ്രഖ്യാപിച്ചിട്ടില്ല. ജോസ് ബട്‌ലർ, മൊയീൻ അലി, ഫാഫ് ഡുപ്ലെസി, ക്വിൻ്റൺ ഡികോക്ക്, ഡേവിഡ് മില്ലർ തുടങ്ങി നിരവധി താരങ്ങൾ ലീഗിൽ കളിക്കും. ആകെ 11 ഇംഗ്ലീഷ് താരങ്ങൾ ലീഗിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലീഗിലെ ഏറ്റവുമധികം താരങ്ങൾ ഇംഗ്ലണ്ടിൽ നിന്നാണ്. 10 താരങ്ങളുള്ള ശ്രീലങ്ക രണ്ടാമതാണ്. പാകിസ്താൻ താരങ്ങൾ ലീഗിൽ കളിക്കില്ല. ലീഗിൽ ഇന്ത്യൻ താരങ്ങൾ കളിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുയർന്നെങ്കിലും അതേപ്പറ്റി വ്യക്തതയില്ല. വരുന്ന ആഴ്ചയിൽ തന്നെ ലേലം നടക്കും.