ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സൂര്യകുമാര്‍ യാദവ് എന്ന പേരാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്നും സൂര്യകുമാര്‍ തഴയപ്പെട്ടു. എന്തുകൊണ്ട്? ഇതിനുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ സൂര്യകുമാറിന്റെ പ്രകടനം.
43 പന്തില്‍ പുറത്താകാതെ 79 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. സെലക്ടര്‍മാര്‍ക്ക് ബാറ്റിങ്ങിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് സൂര്യകുമാര്‍. പത്ത് ഫോറും മൂന്ന് സിക്സുമാണ് മുംബൈ താരം അടിച്ചു കൂട്ടിയത്. പക്വമായ പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. മത്സരത്തിനിടയില്‍ കോഹ്ലിയുമായുള്ള സൂര്യകുമാറിന്റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയയില്‍ വൈറലാകുന്നുണ്ട്. ബാറ്റിങ്ങിനിടയില്‍ കോഹ്ലിയുമായുള്ള സൂര്യകുമാറിന്റെ മുഖാമുഖ ദൃശ്യങ്ങളാണിത്. ഒരക്ഷരം പോലും സൂര്യകുമാര്‍ പറഞ്ഞില്ല. എന്നാല്‍ ആ നോട്ടത്തില്‍ എല്ലാമുണ്ടായിരുന്നു. ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് സൂര്യകുമാറിന്റെ നോട്ടം എന്നാണ് ആരാധകര്‍ പറയുന്നത്.
മത്സരം വിജയിച്ച ശേഷമുള്ള സൂര്യകുമാറിന്റെ പ്രതികരണവും ശ്രദ്ധേയമായിരുന്നു. ‘നിങ്ങള്‍ എന്തിനാണ് പേടിക്കുന്നത്, ഞാന്‍ ഉണ്ടല്ലോ’ എന്നാണ് ആത്മവിശ്വാസത്തോടെ താരം പറഞ്ഞത്.
ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്‌ത്രിയും സൂര്യകുമാറിനെ കുറിച്ച് ട്വീറ്റ് ചെയ്‌തിരുന്നു.’കരുത്തനായും ക്ഷമയോടെയും തുടരൂ.,’ എന്നാണ് ശാസ്‌ത്രിയുടെ ട്വീറ്റ്. സൂര്യകുമാറിന് ഇന്ത്യന്‍ ടീമില്‍ ഉടന്‍ തന്നെ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കുമെന്ന് മുംബൈ സഹതാരം കിറോണ്‍ പൊള്ളാര്‍ഡും പ്രതീക്ഷ പ്രകടിപ്പിച്ചു. ഉള്ളിന്റെയുള്ളില്‍ സൂര്യകുമാര്‍ അസ്വസ്ഥനാണെന്നും പൊള്ളാര്‍ഡ് പ്രതികരിച്ചു.