2018-19ല്‍ ഇന്ത്യക്കെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പര നഷ്ടമായതില്‍ ഇപ്പോഴും നിരാശയുണ്ടെന്നു ഓസ്ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്സ്മാനും മുന്‍ ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്ത്. അന്നത്തെ പരമ്പരയില്‍ ഓസീസിനെ 2-1നു വീഴ്ത്തി ബോര്‍ഡര്‍- ഗവാസ്കര്‍ ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര വിജയം കൂടിയായിരുന്നു ഇത്. പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഈ പരമ്പരയില്‍ കളിക്കാനായിരുന്നില്ല.
അന്നത്തെ ടെസ്റ്റ് പരമ്പരയിലെ മല്‍സരങ്ങള്‍ കണ്ടിരുന്നു. ടീമിനു വേണ്ടി കളിക്കാനാവാതെ പുറത്തു നിന്നു കളി കാണേണ്ടി വന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഓസീസ് ടീമിനു വേണ്ടി കളിക്കാന്‍ കഴിഞ്ഞില്ലെന്നതായിരുന്നു എന്നെ സംബന്ധിച്ച് ഏറ്റവും കഠിനമായ കാര്യം. കളിച്ചിരുന്നെങ്കില്‍ ടീമിന്റെ പ്രകടനത്തില്‍ വ്യത്യാസമുണ്ടാക്കാന്‍ എനിക്കു സാധിക്കുമായിരുന്നു. അതുകൊണ്ടു തന്നെയാണ് പരമ്പര നഷ്ടമായത് ഇപ്പോഴും അലട്ടുന്നത്. വരാനിരിക്കുന്ന പരമ്പരയെ വളരെ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നും സ്മിത്ത് പറഞ്ഞു.
ഓസീസ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു മടങ്ങിയെത്തുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നു അദ്ദേഹം വ്യക്തമാക്കി. കളിക്കളത്തിലെത്തിയാല്‍ സ്വന്തം ജോലി നന്നായി നിറവേറ്റാനാണ് എല്ലായ്പ്പോഴും ശ്രമിക്കുന്നത്. കഴിയുന്നത്ര റണ്‍സെടുത്ത് ടീമിനെ വിജയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓരോ മല്‍സരവും കളിക്കുന്നത്. ആരൊക്കെയാണ് ടീമില്‍ കളിക്കുന്നതെന്നോ, എന്താണ് സാഹചര്യമെന്നോ ഞാന്‍ നോക്കാറില്ലെന്നും സ്മിത്ത് വിശമദാക്കി.
നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടെസ്റ്റ് ബാറ്റ്സ്മാന് കൂടിയാണ് സ്മിത്ത്. അതുകൊണ്ടു തന്നെ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ഇന്ത്യയില്‍ നിന്നും തിരിച്ചുപിടിക്കണമെങ്കില്‍ അദ്ദേഹത്തിന്റെ പ്രകടനം ഓസീസിന് നിര്‍ണായകമാവും. ഇന്ത്യക്കെതിരേ ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡാണ് സ്മിത്തിനുള്ളത്. ഏഴു ടെസ്റ്റുകള്‍ ഇന്ത്യക്കെതിരേ കളിച്ച അദ്ദേഹം 84.06 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ ഏഴു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളും നേടിയിട്ടുണ്ട്.
ഇത്തവണ ഇന്ത്യക്കെതിരേ നടന്ന ഏകദിന പരമ്പര ഓസീസ് 2-1ന് സ്വന്തമാക്കിയപ്പോള്‍ അവരുടെ ഹീറോ സ്മിത്തായിരുന്നു. ഓസീസ് ജയിച്ച ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും അദ്ദേഹം അതിവേഗ സെഞ്ച്വറികള്‍ നേടിയിരുന്നു. ഇവയിലൊന്ന് 62 ബോളുകളില്‍ നിന്നായിരുന്നു. രണ്ടിലും മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും സ്മിത്തായിരുന്നു. ഇന്ത്യ ജയിച്ച മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ സ്മിത്ത് നേരത്തേ പുറത്തായതാണ് ഓസീസ് തോല്‍വിയുടെ പ്രധാന കാരണം. എങ്കിലും മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത് സ്മിത്തായിരുന്നു.
17നാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. അഡ്ലെയ്ഡില് നടക്കുന്ന മല്‍സരം പകലും രാത്രിയുമായിട്ടാണ്. വിദേശത്ത് ഇന്ത്യയുടെ ആദ്യത്തെ പിങ്ക് ബോള്‍ ടെസ്റ്റ് കൂടിയാണിത്. ഒരേയൊരു പിങ്ക് ബോള്‍ ടെസ്റ്റില്‍ മാത്രമേ ഇന്ത്യ ഇതുവരെ കളിച്ചിട്ടുള്ളൂ. അത് കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യ മികച്ച വിജയം നേടിയിരുന്നു.