Cricket Sports

ആമസോൺ, റിലയൻസ്, സോണി, ഡിസ്നി; ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള പോര് വേറെ ലെവൽ

2023 മുതൽ അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐപിഎൽ സംപ്രേഷണാവകാശത്തിനായി രംഗത്തുള്ളത് വമ്പൻ കമ്പനികൾ. ആമസോൺ പ്രൈംവിഡിയോ, റിലയൻസ് ഇൻഡസ്ട്രീസ്, സോണി ഗ്രൂപ്പ്, വാൾട്ട് ഡിസ്നി എന്നീ മൾട്ടി നാഷണൽ കമ്പനികളാണ് ഐപിഎൽ സംപ്രേഷണാവകാശത്തിനായി രംഗത്തുള്ളത്. (Amazon Reliance Disney IPL)

2008ലെ ആദ്യ സീസൺ മുതൽ 2016 വരെ സോണി ഗ്രൂപ്പ് ആണ് ഐപിഎൽ സംപ്രേഷണം ചെയ്തിരുന്നത്. 2017ൽ സംപ്രേഷണാവകാശം സ്റ്റാർ (ഡിസ്നി) സ്വന്തമാക്കി. 2022ൽ ഇത് അവസാനിക്കും. 2023 മുതലുള്ള സംപ്രേഷണാവകാശത്തിനായി സോണിയും ഡിസ്നിയും കയ്യും മെയ്യും മറന്ന് പണമിറക്കുമെന്നാണ് സൂചന. ഇരു കമ്പനികളും നേരത്തെ തന്നെ ഇത്തരത്തിൽ സൂചന നൽകിയിരുന്നു. ഐപിഎൽ സംപ്രേഷണാവകാശത്തിലേക്ക് തിരികെ വരാനാണ് സോണിയുടെ ശ്രമമെങ്കിൽ പൊന്മുട്ടയിടുന്ന താറാവിനെ വിട്ടുകളയാൻ ഡിസ്നിയും തയ്യാറല്ല.