അരങ്ങേറ്റ ടെസ്റ്റിൽ ഏറ്റവുമധികം ക്യാച്ചുകൾ നേടുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ താരം അലക്സ് കാരി. ഇന്ത്യൻ താരം ഋഷഭ് പന്തിനെയടക്കം മറികടന്നാണ് കാരി റെക്കോർഡ് നേട്ടത്തിലെത്തിയത്. ബ്രിസ്ബനിൽ നടന്ന ആദ്യ ആഷസ് മത്സരത്തിൽ 8 ക്യാച്ചുകൾ നേടിയ താരം ഇപ്പോൾ ഈ റെക്കോർഡിൽ ഒറ്റക്കാണ്. നേരത്തെ, ഏഴ് ക്യാച്ചുകൾ നേടിയ 6 താരങ്ങളാണ് ഈ റെക്കോർഡിലുണ്ടായിരുന്നത്. (Alex Carey Pant Record)
ഋഷഭ് പന്തും ഓസീസ് താരം പീറ്റർ നെവിലും അടക്കമുള്ള താരങ്ങളാണ് അരങ്ങേറ്റ ടെസ്റ്റിൽ ഏഴ് ക്യാച്ചുകൾ നേടിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീലങ്കക്കെതിരെ 9 ക്യാച്ച് എടുത്തെങ്കിലും അത് താരത്തിൻ്റെ അരങ്ങേറ്റം ആയിരുന്നില്ല.
മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചിരുന്നു. 9 വിക്കറ്റിനാണ് ആതിഥേയർ ഇംഗ്ലീഷ് നിരയെ തകർത്തെറിഞ്ഞത്. 20 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അവർ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. അലക്സ് കാരിയുടെ (9) വിക്കറ്റാണ് ഓസീസിനു നഷ്ടമായത്. മാർക്കസ് ഹാരിസ് (9), മാർനസ് ലബുഷെയ്ൻ എന്നിവർ പുറത്താവാതെ നിന്നു. ഒലി റോബിൻസനാണ് കാരിയെ പുറത്താക്കിയത്.
രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 297 റൺസെടുത്ത് ഓൾഔട്ടായി. ഒരു ഘട്ടത്തിൽ ഇന്നിംഗ്സ് തോൽവി മുന്നിൽ കണ്ട ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ തിരിച്ചടിച്ചാണ് ലീഡെടുത്തത്. 89 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ട് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ഡേവിഡ് മലാനും (82) മികച്ച പ്രകടനം നടത്തി. ഓസ്ട്രേലിയക്കായി നതാൻ ലിയോൺ 4 വിക്കറ്റ് വീഴ്ത്തി.
2 വിക്കറ്റ് നഷ്ടത്തിൽ 220 റൺസെന്ന ശക്തമായ നിലയിലാണ് ഇംഗ്ലണ്ട് നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. നാലാം ദിനം ആദ്യ സെഷനിൽ തന്നെ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ചുരുട്ടിക്കൂട്ടി. നതാൻ ലിയോൺ ആണ് കശാപ്പിനു നേതൃത്വം നൽകിയത്. തലേദിവസത്തെ സ്കോറിൽ നിന്ന് 3 റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും മലാനെ പുറത്താക്കിയ ലിയോൺ ഓസ്ട്രേലിയക്ക് ബ്രേക്ക്‌ത്രൂ നൽകി. ജോ റൂട്ടിനെ കാമറൂൻ ഗ്രീനും പുറത്താക്കിയതോടെ മത്സരത്തിൽ ഓസ്ട്രേലിയ മേൽക്കൈ നേടി. പിന്നീട് കണ്ടത് ഒരു തകർച്ചയായിരുന്നു. ഒലി പോപ്പിനെ (4) ലിയോൺ മടക്കിയപ്പോൾ ബെൻ സ്റ്റോക്സ് (14) പാറ്റ് കമ്മിൻസിനും ജോസ് ബട്‌ലർ (23) ജോഷ് ഹേസൽവുഡിനും മുന്നിൽ വീണു. ഒലി റോബിൻസൺ (8), മാർക്ക് വുഡ് (6) എന്നിവരെ വീഴ്ത്തിയ ലിയോൺ നാല് വിക്കറ്റ് തികച്ചു. ക്രിസ് വോക്സിനെ (14) പുറത്താക്കിയ കാമറൂൺ ഗ്രീൻ ഇംഗ്ലണ്ടിൻ്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.