Cricket Sports

‘ഏറ് കൊണ്ട് വീണവനെ എഴുന്നേല്‍പ്പിക്കേണ്ടതും ബൗളറാണ്, അതാണ് മര്യാദ’

രണ്ടാം ആഷസ് മത്സരത്തിനിടെ ഇംഗ്ലീഷ് താരം ജോഫ്രാ ആർച്ചറിന്റെ ബൗൺസർ തലയിൽ തട്ടി സ്റ്റീവ് സ്മിത്ത് ക്രീസിൽ വീണത് ചർച്ചയായവുകയുണ്ടായി. ഇതിൽ ഒടുവിലായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് പാക് പേസ് ബൗളർ ശുഐബ് അക്തർ. സ്മിത്ത് വീണപ്പോഴുണ്ടായ ആർച്ചറിന്റെ നടപടിയെ വിമർശിച്ചാണ് അക്തർ രംഗത്തെത്തിയത്.

ജോഫ്രാ ആർച്ചറിന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിലാണ് സ്റ്റീവ് സ്മിത്തിന് ഏറ് കൊണ്ടത്. മണിക്കൂറില്‍ 148.7 കി.മീ വേഗതയിൽ എത്തിയ പന്ത് സ്മിത്തിന്റെ ഹെൽമറ്റില്ലാത്ത ഭാഗത്താണ് കൊണ്ടത്. എന്നാൽ സംഭവത്തിന് ശേഷം പക്വതയില്ലാത്ത പെരുമാറ്റമാണ് ആർച്ചറിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് അക്തർ ട്വിറ്ററിൽ കുറിച്ചു.

ബൗൺസറുകൾ കളിയുടെ ഭാഗമാണ്. എറിയുന്ന പന്ത് ബാറ്റ്സമാന്റെ തലയിൽ കൊണ്ട് വീണാൽ ആദ്യം‌‌‌ ഓടിചെന്ന് അത് പരിശോധിക്കേണ്ടത് ബൗളറാണ്. സ്മിത്ത് വീണ് കിടന്നപ്പോൾ ആർ‌ച്ചർ തിരിച്ചു നടന്നത് ശരിയായില്ലെന്ന് പറഞ്ഞ അക്തർ, ഇത്തരം സന്ദർഭങ്ങളിൽ താൻ ആദ്യം ഓടിചെല്ലുമായിരുന്നു എന്നും കുറിച്ചു.