Cricket Sports

രക്ഷകനായി രഹാനെ, കരകയറി ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ആദ്യ ദിനം 6ന് 203 എന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. മുന്‍ നിര തകര്‍ന്നിട്ടും പിടിച്ചു നിന്ന രഹാനെയാണ്(81) ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

3ന് 25 എന്ന നിലയില്‍ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഓപണര്‍ മായങ്ക് അഗര്‍വാളിന്(5) വന്‍മതിലാകുമെന്ന് പ്രതീക്ഷിച്ച പുജാരയും(2) ക്യാപ്റ്റന്‍ കോഹ്ലിയും(9) മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തു. ബൗളിംങ് പിച്ചില്‍ പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധം പന്തെറിഞ്ഞ വിന്‍ഡീസ് പേസര്‍മാരായിരുന്നു ഇന്ത്യന്‍ മുന്‍നിരയെ പുറത്താക്കിയത്.

എന്നാല്‍, കെ.എല്‍ രാഹുലിന്റേയും(44) രഹാനെയുടേയും നാലാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യന്‍ സ്‌കോര്‍ 93ലെത്തിച്ചു. അഞ്ചാം വിക്കറ്റില്‍ ഹനുമ വിഹാരിയെ കൂട്ടുപിടിച്ച് രഹാനെ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യക്ക് രക്ഷയായത്. 32 റണ്‍സെടുത്ത ഹനുമ വിഹാരിയെ റോച്ച് കീപ്പറുടെ കൈകളിലെത്തിച്ചതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്.

പിന്നാലെ, സെഞ്ചുറിക്ക് 19 റണ്‍സ് അകലെ വെച്ച് രഹാനെയുടെ വിക്കറ്റ് ഗബ്രിയേല്‍ തെറിപ്പിച്ചു. 163 പന്തുകള്‍ നേരിട്ട രഹാനെ 10 ബൗണ്ടറികള്‍ നേടിയ ശേഷമാണ് മടങ്ങിയത്. ഋഷഭ് പന്തും(20) രവീന്ദ്ര ജഡേജയുമാണ് ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ക്രീസില്‍. വരാനിരിക്കുന്നത് ബൗളര്‍മാരാണെന്നതുകൊണ്ട് തന്നെ ഇവരുടെ കൂട്ടുകെട്ടിന്റെ പ്രകടനം ടെസ്റ്റില്‍ നിര്‍ണ്ണായകമായേക്കും.

വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി കെമര്‍ റോച്ച് മൂന്ന് വിക്കറ്റുകളും, ഷനോന്‍ ഗബ്രിയേല്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ടോസ് ലഭിച്ച വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജേസന്‍ ഹോള്‍ഡര്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. മഴ രണ്ട് തവണ തടസപ്പെടുത്തിയ ആദ്യ ദിവസത്തെ കളിയില്‍ 68.5 ഓവര്‍ മാത്രമാണ് എറിഞ്ഞത്.