ശ്രീലങ്കന്‍ സ്പിന്നര്‍ അജന്ത മെന്‍ഡിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. നിഗൂഢ സ്പിന്നര്‍ എന്ന് വിളിപ്പേരുള്ള മെന്‍ഡിസ് ശ്രീലങ്കയ്ക്കായി 19 ടെസ്റ്റുകളും 87 ഏകദിനങ്ങളും 39 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 288 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 2015 ഡിസംബറിലായിരുന്നു അവസാനമായി മെന്‍ഡിസ് ശ്രീലങ്കയ്ക്കായി കളിച്ചത്.
2008ലെ ഏഷ്യാകപ്പ് ഫൈനലിലാണ് മെന്‍ഡിസ് എന്ന ബൗളറെ ലോകം തിരിച്ചറിഞ്ഞത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ ആറ് വിക്കറ്റുകളാണ് മെന്‍ഡിസ് വീഴ്ത്തിയത്. മെന്‍ഡിസിന്റെ കാരംബോളിന് മുന്നില്‍ അന്ന് സെവാഗും ഗംഭീറുമടങ്ങുന്ന പ്രതിഭാസമ്പന്നരായ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് പിടിച്ചുനില്‍ക്കാനായിരുന്നില്ല. ഒന്നിന് പിറകെ ഒന്നൊന്നായി കൂടാരം കയറിയപ്പോള്‍ ഏഷ്യാകപ്പ് കിരീടവും ശ്രീലങ്കയ്ക്കായിരുന്നു.
എന്നാല്‍ ഏഷ്യാകപ്പിലെ ഫോം പിന്നീട് നിലനിര്‍ത്താന്‍ മെന്‍ഡിസിനായില്ല. ആ വര്‍ഷം നല്ല രീതിയില്‍ പന്തെറിഞ്ഞെങ്കിലും താരത്തിന്റെ ബൗളിങ് രീതി ബാറ്റ്സ്മാന്മാര് റീഡ് ചെയ്തതോടെ താളവും നഷ്ടപ്പെട്ടു. പിന്നീട് ഇതെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് തന്നെ മെന്‍ഡിസിനെ ‘നന്നായി പെരുമാറുകയും’ ചെയ്തിരുന്നു.