2014ലെ ഇംഗ്ലണ്ട് പരമ്പരയിൽ വിഷാദരോഗത്തിന് അടിപ്പെട്ടിരുന്നു എന്ന ടീം ഇന്ത്യ നായകൻ വിരാട് കോലിയുടെ തുറന്നുപറച്ചിൽ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യൻ താനാണ് എന്നു തോന്നിയെന്നും ആ അവസ്ഥയെ എങ്ങനെ മറികടക്കുമെന്ന് ഒരു പിടിയുമില്ലായിരുന്നു എന്നും കോലി പറഞ്ഞിരുന്നു.
വിഷാദാവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ തന്നെ സഹായിച്ചത് ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ ഉപദേശമായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് കോലി. നെഗറ്റീവ് ചിന്തകളോട് പൊരുതരുത് എന്നായിരുന്നു സച്ചിന്റെ ഉപദേശമെന്നും കോലി പറഞ്ഞു.
കാര്യങ്ങളുടെ മാനസികസ്ഥിതിയെ കുറിച്ച് അദ്ദേഹവുമായി (സച്ചിൻ) ചാറ്റ് നടത്തിയിരുന്നു. ക്രിക്കറ്റിൽ അനുഭവിച്ച കാര്യങ്ങൾ അദ്ദേഹമെന്നോട് പറഞ്ഞു. നെഗറ്റീവ് ചിന്തകളിലൂടെ കടന്നു പോകുകയോ അല്ലെങ്കിൽ സ്ഥിരമായി അത്തരം ചിന്തകൾ ഉണ്ടാകുകയോ ആണെങ്കിൽ അത് വിട്ടു കളയൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ആ ചിന്തകളോട് പൊരുതിയിൽ അത് കൂടുതൽ വളരും. ആ ഉപദേശമാണ് പിന്നീട് ഞാൻ മനസ്സിൽ വച്ചത്.
വിരാട് കോലി/ ടീം ഇന്ത്യ നായകൻ
വിഖ്യാത ബ്രോഡ്കാസ്റ്റർ മാർക്ക് നിക്കോളാസിന്റെ നോട്ട് ജസ്റ്റ് ക്രിക്കറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു കോലി.
2014ൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് കോലി കളിച്ചത്. പത്ത് ഇന്നിങ്സുകളിൽ നിന്നും താരത്തിന്റെ ബാറ്റിങ് ശരാശരി വെറും 13.40 മാത്രമായിരുന്നു. 1, 8, 25, 0, 39, 28, 0, 7, 6, 20 എന്നിങ്ങനെയായിരുന്നു കോലി തുടർച്ചയായ ഇന്നിങ്‌സുകളിൽ നേടിയ സ്‌കോറുകൾ. ആ പരമ്പരയ്ക്ക് ശേഷം കോലി അവിസ്മരണീയമായ തിരിച്ചുവരവാണ് നടത്തിയത്.