Cricket Sports

നിനക്കെന്താ ഭ്രാന്താണോ, ഇനി ആര് പന്തെറിയും? അഫ്രീദി ഇങ്ങനെയാണ്….

കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ടി20യില്‍ തകര്‍പ്പന്‍ പ്രകടനവുമായി കളം നിറയുകയാണ് പാകിസ്താന്റെ ഷാഹിദ് അഫ്രീദി. ഞായറാഴ്ച എഡ്‌മോണ്ടന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ ബ്രാപ്റ്റണ്‍ വോള്‍വ്‌സിന്റെ താരമായ അഫ്രീദി 40 പന്തില്‍ 81 റണ്‍സ് നേടി മികവ് ഒരിക്കല്‍ കൂടി പുറത്തെടുത്തിരുന്നു. തട്ടുതകര്‍പ്പന്‍ ബാറ്റിങായിരുന്നു താരം കാഴ്ചവെച്ചിരുന്നത്.

എന്നാല്‍ മത്സരത്തിനിടെ സഹതാരം വഹാബ് റിയാസുമായുള്ള സംസാരമാണ് ഇപ്പോള്‍ തരംഗമാകുന്നത്. ക്രീസിലെത്തിയാല്‍ സിംഗിളുകളില്‍ താല്‍പര്യമില്ലെന്നും സിക്‌സറുകളും ഫോറുകളും മാത്രമാണ് താന്‍ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കുന്നതായിരുന്നു അഫ്രീദിയുടെ ഈ സാംസാരം. ഇന്നിങ്‌സിന്റെ അവസാന പന്തിലാണ് സംഭവം. കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും അഫ്രീദിക്ക് ഒരു റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. എന്നാല്‍ രണ്ടാം റണ്‍സ് ഓടാനായി റിയാസ് വിളിച്ചപ്പോഴായിരുന്നു അഫ്രീദിയുടെ മറുപടി, നിനക്കെന്താ ഭ്രാന്തുണ്ടോ, ഇതിന് ശേഷം ആര് പന്തെറിയും എന്ന്.

അതായത് ഓടിയുള്ള റണ്‍സ് തനിക്ക് ആവശ്യമില്ല, അടിച്ചെടുക്കാനാണെങ്കി മതി എന്ന് ചുരുക്കം. മത്സരത്തില്‍ ബ്രാപ്റ്റന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. പതിനൊന്ന് ഫോറും അഞ്ച് സിക്‌സറുകളും അടങ്ങുന്നതായിരുന്നു അഫ്രീദിയുടെ ഇന്നിങ്‌സ്. ഏഴ് റണ്‍സെ ഓടിയെടുത്തുള്ളൂ. മത്സരത്തില്‍ പന്ത് കൊണ്ടും അഫ്രീദി തിളങ്ങി. നാല് ഓവര്‍ എറിഞ്ഞ താരത്തിന് ഒരു വിക്കറ്റെ വീഴ്ത്താനായുള്ളൂവെങ്കിലും പതിനാല് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും അഫ്രീദിക്കാണ് ലഭിച്ചത്.