Cricket

രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റ് ജയം; പാകിസ്താനെതിരെ ഐതിഹാസിക പരമ്പര വിജയവുമായി അഫ്ഗാനിസ്താൻ

പാകിസ്താനെതിരെ ഐതിഹാസിക പരമ്പര വിജയവുമായി അഫ്ഗാനിസ്താൻ. ഇന്നലെ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്താനെ ഏഴ് വിക്കറ്റിനു മറികടന്ന അഫ്ഗാൻ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒരു കളി ബാക്കിനിൽക്കെ 2-0നു മുന്നിലെത്തി. ഇന്നലെ പാകിസ്താൻ മുന്നോട്ടുവച്ച 131 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാൻ ഒരു പന്തും ഏഴ് വിക്കറ്റും ബാക്കിനിൽക്കെ വിജയതീരമണഞ്ഞു. (afghanistan won pakistan t20)

മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങൾക്ക് അവസരം നൽകിയ പാകിസ്താന് രണ്ടാം മത്സരത്തിലും തിരിച്ചടിയായിരുന്നു ഫലം. അഫ്ഗാൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ പതറിയ പാക് യുവതാരങ്ങൾക്ക് 63 റൺസ് നേടുന്നതിനിടെ നഷ്ടമായത് അഞ്ച് വിക്കറ്റ്. ഇതിൽ അബ്ദുള്ള ഷഫീഖ് ഗോൾഡൻ ഡക്കായി. തുടർച്ചയായ നാല് രാജ്യാന്തര ടി-20 ഇന്നിംഗ്സുകളിൽ പൂജ്യത്തിനു പുറത്താകുന്ന താരമെന്ന റെക്കോർഡും ഇതോടെ അബ്ദുള്ള ഷഫീഖ് കുറിച്ചു. കഴിഞ്ഞ മൂന്ന് ഇന്നിംഗ്സുകളിൽ രണ്ടാം പന്തിലാണ് അബ്ദുള്ള ഷഫീഖ് ഡക്കായത്. സയിം അയൂബ് (0), മുഹമ്മദ് ഹാരിസ് (15), അബ്ദുള്ള ഷഫീഖ് (0), തയ്യബ് താഹിർ (13), അസം ഖാൻ (1) എന്നീ യുവതാരങ്ങൾ വേഗം പുറത്തായി. ആറാം വിക്കറ്റിൽ മുതിർന്ന താരങ്ങളായ ഇമാദ് വസീമും (57 പന്തിൽ 64 നോട്ടൗട്ട്) ക്യാപ്റ്റൻ ഷദബ് ഖാനും (25 പന്തിൽ 32) ചേർന്ന് കൂട്ടിച്ചേർത്ത 65 റൺസാണ് പാകിസ്താനെ മാന്യമായ സ്കോറിലെത്തിച്ചത്.

മറുപടി ബാറ്റിംഗിൽ ഉസ്‌മാൻ ഗനി (7) വേഗം മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ റഹ്‌മാനുള്ള ഗുർബാസും (49 പന്തിൽ 44) ഇബ്രാഹിം സദ്രാനും (40 പന്തിൽ 38) ചേർന്ന് അഫ്ഗാനെ മുന്നോട്ടുനയിച്ചു. 56 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയെങ്കിലും ഇരുവരുടെയും മെല്ലെപ്പോക്ക് അഫ്ഗാൻ്റെ സ്കോറിംഗിനെ ബാധിച്ചു. പിന്നീട് നജീദുള്ള സദ്രാൻ (12 പന്തിൽ 23), മുഹമ്മദ് നബി (9 പന്തിൽ 14) എന്നിവർ ചേർന്ന് അഫ്ഗാനെ വിജയത്തിലെത്തിക്കുകയായിരുന്നു.