Cricket Sports

വീണ്ടും 200 കടത്തി അഫ്ഗാന്‍; മാജിക്കല്‍ പ്രകടനവുമായി റാഷിദ് ഖാന്‍

അയര്‍ലാന്‍ഡിനെതിരായ മൂന്നാം ടി20യിലും തകര്‍പ്പന്‍ പ്രകടനവുമായി അഫ്ഗാനിസ്താന്‍. ഇക്കുറിയും സ്‌കോര്‍ബോര്‍ഡ് 200 കടത്തിയ അഫ്ഗാന്‍, 32 റണ്‍സിന്റെ കിടിലന്‍ ജയവും സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര അഫ്ഗാനിസ്താന്‍ 3-0 തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ കുറിച്ചത് ഏഴിന് 210 റണ്‍സ്. അര്‍ദ്ധ സെഞ്ച്വറി നേടിയ മുഹമ്മദ് നബിയുടെ ബാറ്റിങ് മികവിലാണ് അഫ്ഗാന്‍ കൂറ്റന്‍ സ്‌കോര്‍ നേിടയത്.

വെറും 36 പന്തില്‍ നിന്ന് ഏഴ് സിക്‌സറുകളും ആറ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു നബിയുടെ ഇന്നിങ്‌സ്. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരന്‍ ഹസ്‌റത്തുള്ള സാസായ് 31 റണ്‍സ് നേടി. മറുപടി ബാറ്റിങില്‍ അഫ്ഗാനിസ്താന് 178 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. തുടര്‍ച്ചയായി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ റാഷിദ് ഖാനാണ് അയര്‍ലന്‍ഡിനെ ഒതുക്കിയത്.

കെവിന്‍ ഒബ്രിയന്‍ (74) ആണ് ടോപ് സ്‌കോറര്‍. നാല് ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് റാഷിദ് ഖാന്‍ കൊണ്ടുപോയത്. റാഷിദ് ഖാന്റേത് റെക്കോര്‍ഡ് പ്രകടനമാണ്. ടി20യില്‍ ആരും തുടര്‍ച്ചയായി നാല് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടില്ല. മാത്രമല്ല ടി20യില്‍ ഹാട്രിക് നേട്ടം കൈവരിക്കുന്ന ആദ്യ സ്പിന്നര്‍ കൂടിയായി റാഷിദ്. ടി20 ചരിത്രത്തിലെ ഏറ്റവും വലിയ സ്കോര്‍ അഫ്ഗാനിസ്ഥാന് കഴിഞ്ഞ മത്സരത്തിലാണ് സ്വന്തമാക്കിയത്.

20 ഓവറില്‍ 278 റണ്‍സ് എന്ന പടുകൂറ്റന്‍ സ്കോര്‍ കെട്ടിപ്പടുത്താണ് ‘കുട്ടി ക്രിക്കറ്റി’ലെ ഏറ്റവും വലിയ സ്കോര്‍ എന്ന റെക്കോര്‍ഡ് അഫ്ഗാനിസ്ഥാന്‍ സ്വന്തം കൈപിടിയിലൊതുക്കിയത്. ശ്രീലങ്കക്കെതിരെ ആസ്ട്രേലിയ 2016ല്‍ നേടിയ 263/3 എന്ന സ്കോറാണ് അഫ്ഗാനിസ്ഥാന്‍ മറികടന്നത്.