കഴിഞ്ഞ ദശകത്തിലെ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും വലിയ വിജയശില്പി ശ്രീലങ്കന്‍ ഇതിഹാസ ബോളര്‍ ലസിത് മലിംഗ ആണെന്ന് നായകന്‍ രോഹിത് ശര്‍മ്മ. കഴിഞ്ഞ ദിവസം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മലിംഗയ്ക്ക് ട്വിറ്ററിലൂടെ ആശംസകള്‍ അറിയിക്കുന്നതിനിടെയാണ് രോഹിത് ഇങ്ങനെ അഭിപ്രായപ്പെട്ടത്. മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും വലിയ മാച്ച് വിന്നറായി മലിംഗയെ വിശേഷിപ്പിക്കുന്ന രോഹിത്, ഒരു ക്യാപ്റ്റനെന്ന നിലയില്‍ സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ വലിയ ആശ്വാസം മലിംഗ തനിക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ടീമിലെ സാന്നിധ്യം വളരെ പ്രധാനമായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.
2008 ല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയ ലസിത് മലിംഗ 4 ഐപിഎല്‍ കിരീടങ്ങളാണ് അവര്‍ക്കൊപ്പം നേടിയത്. മുംബൈയെ ഐപിഎല്ലിലെ ഏറ്റവും ശക്തരായ സംഘങ്ങളില്‍ ഒന്നായി മാറ്റിയതില്‍ വലിയ പങ്ക് വഹിച്ച താരമാണ് അദ്ദേഹം. ഡെത്ത് ഓവറുകളില്‍ മലിംഗ പുറത്തെടുത്തിരുന്ന മികവ് പല മത്സരങ്ങളിലും മുംബൈയ്ക്ക് അപ്രതീക്ഷിത വിജയങ്ങള്‍ നല്‍കിയിട്ടുണ്ട്. ഐപിഎല്ലില്‍ 122 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 170 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്. ഐപിഎല്‍വിക്കറ്റ് വേട്ടയിലും ഒന്നാം സ്ഥാനത്തുള്ളത് മലിംഗയാണ്.