ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 പരന്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. രാത്രി ഏഴിന് മൊഹാലിയിലാണ് മത്സരം. ആദ്യ മത്സരം മഴ കവര്‍ന്നതിനാല്‍ പരന്പര നേടാന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്.
നിരവധി ഐ.പി.എല്‍ വെടിക്കെട്ട് ഇന്നിങ്സുകള്‍ക്ക് വേദിയായിട്ടുള്ള മൊഹാലി സ്റ്റേഡിയത്തിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്ന് കൊന്പ് കോര്‍ക്കുന്നത്. ഇരു ടീമുകളും ട്വന്റി 20യില്‍ 13 തവണ മുഖാമുഖം വന്നപ്പോള്‍ 8 തവണ ജയം ഇന്ത്യക്കൊപ്പമായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തം നാട്ടില്‍ ജയം നേടാന്‍ ഇന്ത്യക്കായിട്ടില്ല. അതിനാല്‍ ഇന്ന് ജയം തന്നെയാണ് ഇന്ത്യയുടെ ലക്ഷ്യം. ബാറ്റിങ് നിരയില്‍ റിഷഭ് പന്ത്, ബൌളിങ് നിരയില്‍ രാഹുല്‍ ചഹാര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ സ്ഥിരതയില്ലായ്മയാണ് തലവേദന. ഇവ മാറ്റി നിര്‍ത്തിയാല്‍ സമീപകാല പ്രകടനങ്ങളില്‍ സന്ദര്‍ശകരേക്കാള്‍ ഏറെ മുന്നിലാണ് നീലപ്പട.
പുതിയ നായകന്‍ ക്വിന്റണ്‍ ഡിക്കോക്കിന്റെ നേതൃത്വത്തിലെത്തുന്ന പ്രോട്ടീസിന് ലോകകപ്പിലെ മോശം പ്രകടനത്തിന്റെ ചീത്തപ്പേര് മായ്ച്ച് കളയാന്‍ ഇന്ത്യയില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. പുതുമുഖങ്ങളാല്‍ സന്പന്നമാണെന്നതാണ് ദക്ഷിണാഫ്രിക്കന്‍ നിരയുടെ ശക്തിയും ദൌര്‍ബല്യവും.