Cricket Sports

സന്ദീപ് വാര്യർക്ക് അരങ്ങേറ്റം; സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ടീമിൽ

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി ട്വന്റിയിൽ മലയാളി താരം സന്ദീപ് വാര്യക്ക് അരങ്ങേറ്റം. മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലിനും പിന്നാലെയാണ് സന്ദീപ് വാര്യരും ടീമിൽ ഇടംപിടിച്ചത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. നിതീഷ് റാണയും ഭുവനേശ്വർ കുമാറുമാണ് ക്രീസിൽ.

രണ്ടാം ട്വന്റി ട്വന്റിയിൽ ഫീൽഡിംഗിനിടെ തോളിന് പരുക്കേറ്റ നവദീപ് സയ്‌നിക്ക് പകരമായാണ് സന്ദീപ് ടീമിൽ ഇടം നേടിയത്. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നെറ്റ് ബൗളർ എന്ന നിലയിലാണ് സന്ദീപിനെ ഉൾപ്പെടുത്തിയതെങ്കിലും പിന്നീട് ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് സന്ദീപ് വാര്യർ. നാല് മത്സരങ്ങളിൽ മാത്രമാണ് സന്ദീപ് കൊൽക്കത്തയ്ക്ക് വേണ്ടി കളിച്ചത്. കേരളത്തിന്റെ രഞ്ജി ട്രോഫി താരമായ സന്ദീപ് തമിഴ്‌നാടിന് വേണ്ടി കളിച്ചു വരികയായിരുന്നു.

രണ്ടാം ട്വന്റി ട്വന്റി ടീമിൽ നിന്ന് ആകെ ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. ക്രുണാൽ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണി നടത്തിയിരുന്നു. എട്ടു താരങ്ങൾ ഐസൊലഷേനിൽ പോയതിനെ തുടർന്നായിരുന്നു ഇത്. രണ്ടാം ട്വന്റി ട്വന്റിയിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്.