ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡിന്റെ കുന്തമുനയായത് അജാസ് പട്ടേലാണ്. ശ്രീലങ്കക്കെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റുകളാണ് അജാസ് കൊയ്തെടുത്തത്. ശ്രീലങ്കയുടെ നാലു മുന്‍ നിര വിക്കറ്റുകള്‍ എറിഞ്ഞിട്ട അജാസ്, ധനഞ്ജയ ഡിസില്‍വയെയും പുറത്താക്കിയാണ് കിവീസിന് കളിയുടെ കടിഞ്ഞാണ്‍ പിടിച്ചുകൊടുത്തത്. 33 ഓവര്‍ എറിഞ്ഞ് 89 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അജാസ് അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
മുംബൈയില്‍ ജനിച്ച് ന്യൂസിലന്‍ഡിന്റെ വിക്കറ്റ് വേട്ടക്കാരനായ താരമാണ് അജാസ് പട്ടേല്‍. തന്റെ എട്ടാം വയസില്‍ ന്യൂസിലന്‍ഡിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം കുടിയേറിയ അജാസ്, കഴിഞ്ഞ വര്‍ഷമാണ് കിവീസിന്റെ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഇതു വരെ പത്തില്‍ താഴെ ഇന്നിങ്സുകളില്‍ മാത്രമെ അജാസ് കളിച്ചിട്ടുള്ളു. പക്ഷേ ഇതിനോടകം കിവീസ് നിരയിലെ വിനാശകാരിയായി അജാസ് വളര്‍ന്നുകഴിഞ്ഞു.
പാകിസ്താനെതിരെയായിരുന്നു അജാസിന്റെ ടെസ്റ്റ് അരങ്ങേറ്റം. ആദ്യ ഇന്നിങ്സില്‍ തന്നെ രണ്ടു വിക്കറ്റെടുത്താണ് അജാസ് വരവറിയിച്ചത്. പക്ഷേ അത് വെറും സാമ്പിള്‍ വെടിക്കെട്ട് മാത്രമായിരുന്നുവെന്ന് പാക് പട തിരിച്ചറിഞ്ഞത് രണ്ടാം ഇന്നിങ്സിന് ഇറങ്ങിയപ്പോഴായിരുന്നു. രണ്ടാം ഇന്നിങ്സില്‍ അജാസ് എറിഞ്ഞിട്ടത് അഞ്ച് വിക്കറ്റുകളായിരുന്നു. ഇതോടെ കിവീസിന്റെ തുറുപ്പുചീട്ടായി അജാസ് മാറുകയും ചെയ്തു.