Cricket

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ മിന്നും പ്രകടനം; ഭൂതകാലത്തേക്ക് ക്ലോക്ക് തിരിച്ച് ശ്രീശാന്ത്

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി മലയാളി താരം ശ്രീശാന്ത്. ലെജൻഡ്സ് ലീഗിൽ ഗുജറാത്ത് ജയൻ്റ്സിനെതിരെ ഭിൽവാര കിംഗ്സിനു വേണ്ടി 4 ഓവറിൽ 36 റൺസ് വഴങ്ങിയ താരം മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. വിൻഡീസ് താരം ലെൻഡൽ സിമ്മൻസ്, സിംബാബ്‌വെ താരം എൽട്ടൻ ചിഗുംബുര, ശ്രീലങ്കൻ താരം തിസാര പെരേര എന്നിവർ ശ്രീശാന്തിനു മുന്നിൽ വീണു. മത്സരത്തിൽ ഭിൽവാര കിംഗ്സ് 57 റൺസിനു വിജയിച്ചു. (sreesanth legends league cricket)

എറിഞ്ഞ ആദ്യ പന്തിൽ തന്നെ ബൗണ്ടറി വഴങ്ങിയെങ്കിലും പിന്നീട് ശ്രീ തിരികെവന്നു. മത്സരത്തിൻ്റെ എട്ടാം ഓവറിൽ, തൻ്റെ രണ്ടാം ഓവറിൽ ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ടാം പന്തിൽ ലെൻഡൽ സിമ്മൻസിനെ വിക്കറ്റ് കീപ്പർ മോർണെ വാൻ വൈക്കിൻ്റെ കൈകളിലെത്തിച്ച ശ്രീ അഞ്ചാം പന്തിൽ ഒരു തകർപ്പൻ യോർക്കറിലൂടെ ചിഗുംബുരയുടെ കുറ്റി തെറിപ്പിച്ചു. 10ആം ഓവറിൽ തിസാര പെരേരയെ വാൻ വൈക്കിൻ്റെ കൈകളിലെത്തിച്ച ശ്രീ മത്സരത്തിലെ മൂന്നാം വിക്കറ്റും സ്വന്തമാക്കി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഭിൽവാര കിംഗ്സ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 222 റൺസെടുത്തു. വില്ല്യം പോർട്ടർഫീൽഡ് (33 പന്തിൽ 64), മോർണെ വാൻ വൈക്ക് (28 പന്തിൽ 50), ജെസൽ കരിയ (29 പന്തിൽ 43), ഇർഫാൻ പത്താൻ (23 പന്തിൽ 34) എന്നിവരാണ് കിംഗ്സിനായി തിളങ്ങിയത്.

മറുപടി ബാറ്റിംഗിൽ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ട് പതറിയ ഗുജറാത്ത് ജയൻ്റ്സിനെ 9ആം നമ്പറിലിറങ്ങിയ യശ്പാൽ സിംഗിൻ്റെ ഒറ്റയാൾ പ്രകടനം നാണക്കേടിൽ നിന്ന് രക്ഷിക്കുകയായിരുന്നു. യശ്പാൽ സിംഗ് 29 പന്തിൽ 57 റൺസെടുത്ത് പുറത്തായി. വിരേന്ദർ സെവാഗ് (20 പന്തിൽ 27) ആണ് ജയൻ്റ്സ് നിരയിലെ മികച്ച രണ്ടാമത്തെ സ്കോറുകാരൻ. ബാറ്റിംഗിൽ 43 റൺസെടുത്ത കരിയ ബൗളിംഗിൽ രണ്ട് വിക്കറ്റും വീഴ്ത്തി.