Cricket Sports

ടി20യില്‍ ആദ്യത്തെ അഞ്ഞൂറാനായി പൊള്ളാര്‍ഡ്‌

7000 റണ്‍സും 250 വിക്കറ്റും ടി20യില്‍ സ്വന്തമായുള്ള ഒരേയൊരു താരവും പൊള്ളാര്‍ഡാണ്. ലോകത്താകെ 23 ടി20 ടൂര്‍ണ്ണമെന്റുകളില്‍ പൊള്ളാര്‍ഡ് കളിച്ചിട്ടുണ്ട്…

തര്‍ക്കങ്ങളെ 2010 സെപ്തംബര്‍ 10ന് വെസ്റ്റ് ഇന്‍ഡീസുമായുള്ള ക്രിക്കറ്റ് കരാര്‍ കീറണ്‍ പൊള്ളാര്‍ഡ് അവസാനിപ്പിച്ചപ്പോള്‍ നെറ്റി ചുളിച്ചവര്‍ നിരവധിയായിരുന്നു. കളി അവസാനിപ്പിക്കാതെ ലോകമെങ്ങുമുള്ള ടി20 ടൂര്‍ണ്ണമെന്റില്‍ കളിക്കാനായിരുന്നു അന്ന് പൊള്ളാര്‍ഡ് എടുത്ത തീരുമാനം. ഒരുപതിറ്റാണ്ടിനിപ്പുറം ടി20യുടെ ചരിത്രത്തില്‍ ആദ്യമായി 500 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന താരമായി മാറിയിരിക്കുകയാണ് പൊള്ളാര്‍ഡ്.

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് പൊള്ളാര്‍ഡ്. 2010ല്‍ പൊന്നും വിലക്ക് പൊള്ളാര്‍ഡിനെ സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സ് പിന്നീടൊരിക്കലും താരത്തെ വിട്ടുകൊടുത്തില്ല. നാല് തവണയാണ് പൊള്ളാര്‍ഡ് അംഗമായ മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്‍ കിരീടം നേടിയത്.

10000 ടി20 റണ്‍സ് എന്ന റെക്കോഡിന് വെറും 34 റണ്‍ മാത്രം അകലെയാണ് പൊള്ളാര്‍ഡ്. ടി20 ക്രിക്കറ്റില്‍ ആദ്യമായി 10000 റണ്‍ തികച്ചത് മറ്റൊരു വിന്‍ഡീസ് താരമാണ ക്രിസ്‌ഗെയിലാണ്. ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ചവരില്‍ രണ്ടാമതും മൂന്നാമതും വിന്‍ഡീസ് താരങ്ങള്‍ തന്നെയാണ്. ഡ്വെന്‍ ബ്രാവോ 453 ടി20 മത്സരങ്ങളും ക്രിസ് ഗെയില്‍ 404 മത്സരങ്ങളും ഇതുവരെ കളിച്ചു.

വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തോടെയാണ് പൊള്ളാര്‍ഡ് 500 തികക്കുക. 7000 റണ്‍സും 250 വിക്കറ്റും ടി20യില്‍ സ്വന്തമായുള്ള ഒരേയൊരു താരവും പൊള്ളാര്‍ഡാണ്. ലോകത്താകെ 23 ടി20 ടൂര്‍ണ്ണമെന്റുകളില്‍ പൊള്ളാര്‍ഡ് കളിച്ചിട്ടുണ്ട്. ഇന്ത്യ(172), വെസ്റ്റ് ഇന്‍ഡീസ്(123), ആസ്‌ട്രേലിയ(35), ദക്ഷിണാഫ്രിക്ക(35) ഇംഗ്ലണ്ട്(36), ബംഗ്ലാദേശ്(37), യു.എ.ഇ(37), ന്യൂസിലന്റ്, പാകിസ്താന്‍, ശ്രീലങ്ക, അമേരിക്ക എന്നിവിടങ്ങളിലായി 24 എന്നിങ്ങനെയാണ് പൊള്ളാര്‍ഡ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കളിച്ച ടി20 മത്സരങ്ങളുടെ എണ്ണം.

അഞ്ഞൂറാം മത്സരത്തിന് ഇറങ്ങുന്ന പൊള്ളാര്‍ഡിനെ വിന്‍ഡീസ് ടീം തന്നെ അനുമോദിച്ചു. വിന്‍ഡീസ് ക്യാപ്റ്റന്‍ കൂടിയായ പൊള്ളാര്‍ഡിന് 500 എന്നെഴുതിയ ജേഴ്‌സിയും സമ്മാനിച്ചു.