ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. ഓസ്ട്രേലിയൻ പിച്ചുകളുടെ സ്വഭാവം പരിഗണിക്കുമ്പോൾ രാഹുൽ ത്രിപാഠി, ശ്രേയാസ് അയ്യർ എന്നിവരെക്കാൾ താൻ സഞ്ജുവിനു മുൻഗണന നൽകുമെന്ന് രവി ശാസ്ത്രി പറഞ്ഞു. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രവി ശാസ്ത്രിയുടെ അഭിപ്രായ പ്രകടനം. (ravi shastri sanju samson)
“ഷോർട്ട് ബോളിലേക്ക് വരുമ്പോൾ, വരുന്ന മത്സരങ്ങളിൽ അതുണ്ടാവും. ത്രിപാഠി, സഞ്ജു, ശ്രേയാസ് എന്നിവർക്ക് അവസരങ്ങൾ ലഭിക്കും. പക്ഷേ, ഓസ്ട്രേലിയൻ പിച്ചുകൾ പരിഗണിക്കുമ്പോൾ, ബൗൺസ്, പേസ് ഒക്കെയുണ്ടാവും. കട്ട്, പുൾ ഇതിലൊക്കെ സഞ്ജു അപകടകാരിയാവും. ഈ സാഹചര്യങ്ങളിൽ മറ്റ് ഏത് ഇന്ത്യൻ താരത്തെക്കാളും കൂടുതൽ ഷോട്ടുകൾ സഞ്ജുവിനുണ്ട്.”- ശാസ്ത്രി പറഞ്ഞു.
ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ സഞ്ജുവിനെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ പരിഗണിച്ചിരുന്നില്ല. ഇതിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. നാളെ മുതലാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പര ആരംഭിക്കുക.