വൈഡ് വിളിക്കാത്തതിന്റെ പേരില്‍ അമ്പയറോട് നീരസം പ്രകടിപ്പിച്ച മുംബൈ ഇന്ത്യന്‍സ് താരം കീരണ്‍ പൊള്ളാര്‍ഡിന് പിഴ ചുമത്തി. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ. ഐ.പി.എല്‍ കോഡ് ഓഫ് കോണ്ടാക്ട് പ്രകാരമണ് പൊള്ളാര്‍ഡിന് പിഴ ചുമത്തിയിരിക്കുന്നത്. മുംബൈയുടെ ബാറ്റിങിനിടെ അവസാന ഓവറിലാണ് സംഭവം.
ഡ്വെയ്ന്‍ ബ്രാവോയായിരുന്നു ബൗളര്‍. നേരിടുന്നത് ‘വിവാദ നായകന്‍’ കീരണ്‍ പൊള്ളാര്‍ഡും. ബ്രാവോയുടെ മൂന്നാം പന്താണ് വൈഡിലോട്ട് പോയത്. എന്നാല്‍ അമ്പയര്‍ വൈഡ് വിളിച്ചില്ല. ഇതാണ് പൊള്ളാര്‍ഡിനെ പ്രകോപിപ്പിച്ചത്. ഉടന്‍ തന്നെ ബാറ്റ് മുകളിലേക്ക് എറിഞ്ഞു, അതു കൊണ്ടും അരിശം തീര്‍ന്നില്ല, തൊട്ടടുത്ത പന്ത് നേരിടാനൊരുങ്ങിയത് സ്റ്റമ്പില്‍ നിന്ന് മാറി വൈഡ് ലൈനിന് അരികെയും.
ഇത് വകവെക്കാതെ ബ്രാവോ പന്തെറിയാനായി വന്നെങ്കിലും പൊള്ളാര്‍ഡ് ഒഴിഞ്ഞുമാറി. പിന്നാലെ അമ്പയര്‍മാര്‍ ഇടപെടുകയായിരുന്നു. പൊള്ളാര്‍ഡിനെ അവിടെ വെച്ച് തന്നെ താക്കീത് ചെയ്യുന്നതും കാണാമായിരുന്നു. മത്സരത്തില്‍ മുംബൈയുടെ ടോപ് സ്‌കോററും പൊള്ളാര്‍ഡായിരുന്നു. 25 പന്തില്‍ നിന്ന് 41 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. മൂന്ന് വീതം ബൗണ്ടറിയും സിക്‌സറും അടങ്ങുന്നതായിരുന്നു പൊള്ളാര്‍ഡിന്റെ ഇന്നിങ്‌സ്.
അതേസമയം പൊള്ളാര്‍ഡിന്റെ ഈ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും രസകരമായ കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.