ലളിതമായ ചടങ്ങുകളോടെയാണ് പന്ത്രണ്ടാമത് ലോകകപ്പിന്റെ ഉദ്ഘാടന പരിപാടികള്‍ ഇന്നലെ നടന്നത്. ബര്‍ക്കിങ്ഹാം കൊട്ടാരത്തിന് സമീപത്തെ ദ മാള്‍ റോഡിലായിരുന്നു ചടങ്ങുകള്‍. ഇന്ത്യന്‍ സമയം രാത്രി 9.30ന് ആരംഭിച്ച പരിപാടി ഒരു മണിക്കൂറോളം നീണ്ടുനിന്നു.
ലളിതമെങ്കിലും വര്‍ണാഭമായതും താരപ്രഭ നിറഞ്ഞതുമായിരുന്നു ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍. ഇംഗ്ലണ്ട് മുന്‍ താരം ആന്‍ഡ്രൂ ഫ്ലിന്റോഫായിരുന്നു പരിപാടിയുടെ മുഖ്യ അവതാരകന്. പത്ത് ടീമുകളുടെയും നായകന്മാര് വേദിയിലേക്ക് എത്തിയപ്പോള്‍ ഹര്‍ഷാരവം. ചടങ്ങുകള്‍ക്ക് കൊഴുപ്പേകാന്‍ സംഗീതം.
വിവിധ രാജ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 4000 പേരാണ് ഉദ്ഘാടന പരിപാടികള്‍ക്ക് സാക്ഷികളാകാന്‍ എത്തിയത്. മുന്‍ താരങ്ങളും ക്യാപ്റ്റന്മാരും ചടങ്ങുകള്‍ക്ക് സാക്ഷികളാവാന്‍ എത്തിയിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ബോളിവുഡ് താരം ഫര്ഹാന് അക്തറും പാകിസ്താനെ പ്രതിനിധീകരിച്ച് മലാല യൂസുഫ്സായും ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ തവണ ലോകകപ്പ് നേടിയ ആസ്ട്രേലിയന്‍ നായകന് മൈക്കല്‍ ക്ലാര്‍ക്ക് പുതിയ ജേതാവിനായി കിരീടം കൈമാറിയതോടെ ഉദ്ഘാടന ചടങ്ങുകള്‍ അവസാനിച്ചു. നേരത്തെ ടീം ക്യാപ്റ്റന്മാര് എലിസബത്ത് രാജ്ഞിയെയും സന്ദര്‍ശിച്ചിരുന്നു. ഗല്ലി ക്രിക്കറ്റിന്റെ മാതൃകയില്‍ ക്രിക്കറ്റ് താരങ്ങള്‍ അണിനിരന്ന ക്രിക്കറ്റ് മത്സരവും ഉദ്ഘാടന പരിപാടികളുടെ ഭാഗമായിരുന്നു.