Cricket

ഐപിഎൽ ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിൽ ഒരു മത്സരം പോലും കളിക്കാൻ കഴിയുമായിരുന്നില്ല: ചേതേശ്വർ പൂജാര

ഐപിഎലിലെ ഏതെങ്കിലും ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിൽ തനിക്ക് ഒരു മത്സരം പോലും കളിക്കാൻ കഴിയുമായിരുന്നില്ലെന്ന് ഇന്ത്യൻ ടെസ്റ്റ് താരം ചേതേശ്വർ പൂജാര. ഐപിഎലിൽ ഉൾപ്പെടാതിരുന്നതിനാലാണ് തനിക്ക് കൗണ്ടി കളിക്കാൻ കഴിഞ്ഞത്. കൗണ്ടിയിൽ നന്നായി കളിക്കാൻ കഴിഞ്ഞതിനാൽ ടീമിലേക്ക് തിരികെവരാൻ സാധിച്ചു എന്നും പൂജാര ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

“ഞാൻ ഏതെങ്കിലും ഐപിഎൽ ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിൽ ഒരു മത്സരം പോലും ഞാൻ കളിക്കുമായിരുന്നില്ല. ഞാൻ നെറ്റ്സിൽ പരിശീലനം നടത്തിയേനെ. കളിക്കുന്നതും നെറ്റ്സിൽ പരിശീലനം നടത്തുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് കൗണ്ടി ഓഫർ വന്നപ്പോൾ യെസ് പറഞ്ഞത്. എൻ്റെ പഴയ താളം വീണ്ടെടുക്കാനാണ് കൗണ്ടി കളിക്കാൻ തീരുമാനിച്ചത്. ഞാൻ വളരെ ആത്മവിശ്വാസത്തിലായിരുന്നു. കൗണ്ടിയിൽ നന്നായി കളിക്കാൻ കഴിഞ്ഞപ്പോൾ ടീമിലേക്ക് തിരികെവരാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, കൗണ്ടി കളിക്കാൻ പോയപ്പോൾ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരിക എന്ന ലക്ഷ്യമുണ്ടായിരുന്നില്ല. താളം കണ്ടെത്തുകയായിരുന്നു എൻ്റെ ലക്ഷ്യം.”- പൂജാര പറഞ്ഞു.

കൗണ്ടിയിൽ സസക്സിനായി കളിച്ച പൂജാര അഞ്ച് മത്സരങ്ങളിൽ നിന്ന് 120 ശരാശരിയിൽ 720 റൺസാണ് നേടിയത്. ഈ പ്രകടനം താരത്തിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ടീമിലും ഇടം നേടിക്കൊടുത്തു.