Sports

മൊണാകോ ഗ്രാന്റ് പ്രീ ചരിത്രത്തിലാദ്യമായി റദ്ദാക്കി

1955 മുതല്‍ ഓരോ വര്‍ഷവും ഫോര്‍മുല 1 കലണ്ടറിന്റെ ഭാഗമാണ് മൊണാകോ ഗ്രാന്റ് പ്രീ. എന്നാല്‍ 66 വര്‍ഷത്തിനിടെ ആദ്യമായി ഇത്തവണത്തെ ഫോര്‍മുല 1 കാറോട്ടത്തില്‍ നിന്നും മൊണാകോ ഗ്രാന്റ് പ്രീ ഒഴിവായി. കോവിഡ് 19 പരക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഗ്രാന്റ് പ്രീ റദ്ദാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

നേരത്തെ ഡച്ച്, സ്പാനിഷ് ഗ്രാന്റ് പ്രീകള്‍ക്കൊപ്പം മൊണാക്കോ ഗ്രാന്റ് പ്രീയും നീട്ടിവെച്ചിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം മണിക്കൂറുകള്‍ക്കകം മൊണാകോ ഗ്രാന്റ് പ്രീ റദ്ദാക്കുന്ന വിവരമാണ് റേസ് നടത്തുന്ന ഓട്ടോമൊബൈല്‍ ക്ലബ് ഡി മൊണാകോ(എ.സി.എം) അറിയിച്ചത്. പിന്നീടൊരു ദിവസത്തേക്ക് മാറ്റുക അസാധ്യമാണെന്ന് കണ്ടാണ് റേസ് റദ്ദാക്കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്.

മെയ് 24നാണ് മൊണാകോ ഗ്രാന്റ് പ്രീ നടക്കേണ്ടിയിരുന്നത്. ജൂണ്‍ ഏഴിന് നടക്കേണ്ട അസര്‍ബെയ്ജാന്‍ ഗ്രാന്റ് പ്രീയുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല. എഫ്1 സീസണിന്റെ തുടക്കമിട്ടുകൊണ്ടുള്ള ആസ്‌ട്രേലിയന്‍ റേസ് മാര്‍ച്ച് 15നാണ് നിശ്ചയിച്ചിരുന്നത്. ഇതും കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ബഹ്‌റെയ്ന്‍, വിയറ്റ്‌നാം, ചൈന എന്നിവിടങ്ങളിലെ ഗ്രാന്റ് പ്രീകളും നീട്ടിവെക്കലിന്റെ വക്കിലാണ്.