അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ ജൂണ്‍ ഒന്നുമുതല്‍ കായികമത്സരങ്ങള്‍ നടത്താമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍…
ബ്രിട്ടീഷ് സര്‍ക്കാര്‍ ഔദ്യോഗികമായി അനുമതി നല്‍കിയതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് ഉറപ്പായി. കോവിഡ് ലോക്ഡൗണ്‍ ഇളവുകള്‍ എങ്ങനെയൊക്കെയാകുമെന്ന് അറിയിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നടത്തിയ പ്രഖ്യാപനത്തിലാണ് പ്രീമിയര്‍ ലീഗ് തിരിച്ചുവരവും പ്രഖ്യാപിക്കപ്പെട്ടത്. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ കായിക മത്സരങ്ങള്‍ നടത്താന്‍ ജൂണ്‍ ഒന്ന് മുതല്‍ അനുമതി നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ഏത് രീതിയിലായിരിക്കണം സീസണ്‍ പുരോഗമിക്കേണ്ടത് എന്നകാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രീമിയര്‍ ലീഗ് ക്ലബുകളുടെ യോഗം നടക്കാനിരിക്കെയാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രഖ്യാപനം. നിഷ്പക്ഷ വേദികളില്‍ മത്സരം നടക്കണോ എന്നത് അടക്കമുള്ള കാര്യങ്ങളില്‍ ക്ലബുകളെ ഉള്‍പ്പെടുത്തി വോട്ടെടുപ്പ് നടക്കും. ആകെയുള്ള 20 ക്ലബുകളില്‍ 14 എണ്ണത്തിന്റെ പിന്തുണ ലഭിച്ചാല്‍ മാത്രമേ തീരുമാനങ്ങള്‍ അംഗീകരിക്കപ്പെടുകയുള്ളൂ.
മാര്‍ച്ച് 13നാണ് കോവിഡിനെ തുടര്‍ന്ന് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. 29 കളികളില്‍ നിന്നും 82 പോയിന്റുമായി ലിവര്‍പൂളായിരുന്നു പോയിന്റ് നിലയില്‍ മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 25 പോയിന്റിന്റെ മുന്‍തൂക്കവുമായി ലിവര്‍പൂള്‍ അതിവേഗം കിരീടത്തിലേക്ക് അടുക്കവേയാണ് കോവിഡ് എത്തിയത്. സീസണില്‍ ആകെ ഒരു മത്സരത്തില്‍ മാത്രമാണ് ലിവര്‍പൂള്‍ തോറ്റിട്ടുള്ളത്. നേരത്തെയുള്ള മത്സരക്രമം അനുസരിച്ച്് സീസണില്‍ ഇനി 92 മത്സരങ്ങളാണ് പ്രീമിയര്‍ ലീഗില്‍ ബാക്കിയുള്ളത്.