Football Sports

ഇനി ഫുട്ബോള്‍ കോപ്പയില്‍ കൊടുങ്കാറ്റടിക്കും; ക്വാര്‍ട്ടര്‍ ലൈനപ്പായി

കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ലൈനപ്പായി. ആദ്യ ക്വാര്‍ട്ടറില്‍ ആതിഥേയരായ ബ്രസീല്‍ പരാഗ്വെയെ നേരിടും. അര്‍ജന്റീനക്ക് വെനസ്വെലയും യുറുഗ്വായ്ക്ക് പെറുവുമാണ് എതിരാളികള്‍. നിലവിലെ ചാമ്പ്യന്‍മാരായ ചിലിയും കൊളംബിയയും തമ്മിലുള്ളതാണ് ക്വാര്‍ട്ടറിലെ കടുപ്പമേറിയ പോരാട്ടം.

ഗ്രൂപ്പ് ഘട്ടം കഴിഞ്ഞു. ഇനി നോക്കൌട്ടിന്റെ അതിസമ്മര്‍ദ്ദം. അപ്രതീക്ഷിതമായി ഒന്നുമില്ല. കരുത്തരെല്ലാം അവസാന എട്ടിലുണ്ട്. ആതിഥേയരായ ബ്രസീല്‍. മെസിയുടെ അര്‍ജന്റീന. നിലവിലെ ചാമ്പ്യന്‍മാരായ ചിലി. കരുത്ത് കാട്ടി കൊളംബിയ. ആരെയും വീഴ്ത്താന്‍ യുറുഗ്വായ്. അത്ഭുതമൊളിപ്പിച്ച് പെറു. അട്ടിമറിയില്‍ കണ്ണ് നട്ട് വെനസ്വെലയും പരാഗ്വെയും.

ജൂണ്‍ 28ന് ബ്രസീലും പരാഗ്വെയും തമ്മിലാണ് ആദ്യ ക്വാര്‍ട്ടര്‍. ഗ്രമിയോ അരീനയില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആറ് മണിക്ക്. രണ്ടാം ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയിറങ്ങും. എതിരാളികള്‍ വെനസ്വെല. ഫോണ്ടിനോവ അരീനയില്‍ വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. മൂന്നാം ക്വാര്‍ട്ടറാണ് കടുപ്പം. നിലവിലെ ചാമ്പ്യന്‍മാരായ ചിലക്ക് എതിരാളികളായി എത്തുന്നത് ഹാമസ് റോഡ്രിഗസിന്റെ കൊളംബിയ. ശനിയാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് കളി. നാലാം ക്വാര്‍ട്ടര്‍ ശനിയാഴ്ച രാത്രി പന്ത്രണ്ടരയ്ക്ക്. യുറുഗ്വായും പെറുവും തമ്മില്‍. കിരീടത്തിലേക്ക് ഇനി ബാക്കി ഏഴ് മത്സരങ്ങള്‍. ആരാകും ലാറ്റിനമേരിക്കയുടെ ഫുട്ബോള്‍ രാജാവ്.. കാത്തിരിക്കാം…