കോപ്പ അമേരിക്കയില്‍ ഇത്തവണ രണ്ട് അതിഥി രാജ്യങ്ങളും ഏഷ്യയില്‍ നിന്നുള്ളവരാണ്. ജപ്പാനും ഖത്തറുമാണ് ബ്രസീലില്‍ കോപ്പ കളിക്കുന്നത്. അതേസമയം. കോണ്‍കകാഫില്‍ നിന്നും ഇത്തവണ ടീമില്ല.
മെക്സിക്കോയും അമേരിക്കയുമൊക്കെയായിരുന്നു കോപ്പയിലെ സ്ഥിരം അതിഥി രാജ്യങ്ങള്‍. ഇത്തവണ അവസരം ലഭിച്ചത് ഏഷ്യന്‍ കരുത്തരായ ജപ്പാനും ഖത്തറിനുമാണ്. 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ഖത്തറിന് വലിയ വേദികളില്‍ പന്ത് തട്ടി പരിചയപ്പെടാനുള്ള സുവര്‍ണാവസരം കൂടിയാണിത്. അര്‍ജന്റീനയും കൊളംബിയയും പരാഗ്വെയും ഉള്‍പ്പെട്ട മരണഗ്രൂപ്പിലാണ് അവരുടെ സ്ഥാനം. ഫിഫ റാങ്കിങ്ങില്‍ നിലവില്‍ 55ാം സ്ഥാനത്താണ് അവര്‍. ഏഷ്യന്‍ കപ്പില്‍ ജപ്പാനെ തോല്‍പ്പിച്ച് കിരീടം നേടിയതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. സൌഹൃദമത്സരത്തില്‍ ബ്രസീലിനോട് രണ്ട് ഗോളിന് ഖത്തര്‍ തോറ്റിരുന്നു.
ജപ്പാന്‍ രണ്ടാം തവണയാണ് കോപ്പയില്‍ പന്ത് തട്ടാനെത്തുന്നത്. 99 ല്‍ ആദ്യ അവസരത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാന്‍ പുറത്തായിരുന്നു. ലോക റാങ്കിങ്ങിലെ 26ാം സ്ഥാനവും യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന താരങ്ങളുടെ സാന്നിധ്യവുമാണ് ജപ്പാന്റെ കരുത്ത്. ഉറുഗ്വെ, ചിലി, ഇക്വഡോര്‍ എന്നീ ടീമുകള്‍ ഉള്‍പ്പെട്ട സി ഗ്രൂപ്പില്‍ നിന്നും അവര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറാനുള്ള സാധ്യതയുമുണ്ട്.